മനാമ: (gcc.truevisionnews.com) ആഗസ്റ്റ് 11 തിങ്കളാഴ്‌ച വൈകിട്ട് മുതൽ ചൊവ്വാഴ്‌ച പുലർച്ചെ വരെ 10 മണിക്കൂറും 52 മിനിറ്റും നീണ്ടുനിൽക്കുന്ന ആകാശത്തെ വിസ്മയ കാഴ്ച കാണാൻ അവസരമൊരുങ്ങുന്നു. ഗ്രഹങ്ങളായ ചൊവ്വ, ശനി, ചന്ദ്രൻ, പെർസിഡ് ഉൽക്കാവർഷം, ശുക്രനും വ്യാഴവും തമ്മിലുള്ള സംയോജനമാണ് ഈ അപൂർവ്വ നിമിഷത്തിൽ നടക്കുന്നത്. ഇവ ദൃശ്യമായേക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹാജ്‌രി പറഞ്ഞു. തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ ഇത് ദൃശ്യമാകൂ.
സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ ചൊവ്വയെ കാണാൻ കഴിയും. 95% തിളക്കമുള്ള ചൊവ്വ ഏകദേശം 28 ഡിഗ്രി ഉയരത്തിൽ ദൃശ്യമാകും, രാത്രി മുന്നോട്ട് പോകുമ്പോൾ പതിയെ താഴ്ന്ന് വരും. ഭൂമിയിൽ നിന്ന് 325 ദശലക്ഷം കിലോമീറ്റർ അകലെയാണ് ചൊവ്വ. അതുകൊണ്ട് തന്നെ ചൊവ്വയിൽ നിന്നുള്ള പ്രകാശം ഇവിടെയെത്താൻ ഏകദേശം 18 മിനിറ്റും 4 സെക്കൻഡും എടുക്കും.
രാത്രി 9:30-ഓടെ, കിഴക്കൻ ആകാശത്ത് ശനിയോട് അടുത്ത് വരുന്ന ചന്ദ്രനെ കാണാൻ സാധിക്കും. രാത്രി മുഴുവൻ ഈ രണ്ട് ആകാശഗോളങ്ങളും കൂടുതൽ അടുത്തുവരികയും ചൊവ്വാഴ്ച പുലർച്ചയോടെ ഇവ തമ്മിലുള്ള അകലം 7 ഡിഗ്രിയും 27 മിനിറ്റുമായി ചുരുങ്ങുകയും ചെയ്യും.
92.5% തിളക്കമുള്ള ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,70,000 കിലോമീറ്റർ അകലെയാണ്. അതുകൊണ്ട് ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഒരു സെക്കൻഡിനുള്ളിൽ ഭൂമിയിൽ എത്തും. അതേസമയം, ഏതാണ്ട് പൂർണമായും (99.9%) പ്രകാശമുള്ള ശനി 1.3 ബില്യൺ കിലോമീറ്റർ അകലെയാണ്. അതിനാൽ ശനിയിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കും.
Opportunity to see planetary conjunction on the 11th of this month in Bahrain