റിയാദ്: (gcc.truevisionnews.com) സ്വകാര്യ മേഖലയിലെ ജിംനേഷ്യങ്ങളിലും സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി. 12 ഇനം തൊഴിൽ വിഭാഗങ്ങളിൽ 15% സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യാനാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
നാലോ അതിലധികമോ ജീവനക്കാരുള്ള സ്പോർട്സ് കേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലുമാണ് നിയമനത്തിൽ സൗദി സ്വദേശിവൽക്കരണ തോത് പാലിക്കേണ്ടത്. സാമൂഹിക വികസന, മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രസ്തുത കായിക പരിശീലന കേന്ദ്രങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യമേഖലയിലെ കായിക പരിശീലന രംഗത്തിന് കൂടുതൽ പ്രഫഷനൽ അന്തരീക്ഷം കൈവരുത്തുന്നതിനും ഈ രംഗത്ത് കാര്യക്ഷമതയും മേന്മയും വർധിപ്പിക്കുന്നതിനും ഉതകുന്നതാണ് പുതിയ നയമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജോലിക്കായി സൗദി സ്വദേശികളെ തിരഞ്ഞെടുക്കുന്നതിനും അവർക്കുള്ള തൊഴിൽ പരിശീലനം നൽകുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ജോലി ലഭ്യതയ്ക്കും ജോലിസ്ഥിരതയ്ക്കും പ്രാദേശിക സ്വദേശിവൽക്കരണത്തിന് മുൻഗണന നൽകുന്നതിനും ഒക്കെ സ്ഥാപനങ്ങൾക്ക് ആവശ്യമായ മന്ത്രാലയ പിന്തുണ സേവനങ്ങൾ മാനവവിഭവശേഷി വികസന ഫണ്ട് ഹദാഫ് പ്രോഗ്രാം മുഖാന്തിരം ലഭ്യമാക്കും.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഈ മേഖലയിലെ സ്വദേശിവൽക്കരിക്കപ്പെടുന്ന തസ്തികകളുടെ തോത് അടക്കമുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനനുസരിച്ച് പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം പുതിയ നയം നടപ്പിലാക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന വകുപ്പ് നൽകുന്ന പിന്തുണയും പ്രോത്സാഹന പരിപാടികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടും. റിക്രൂട്ട്മെന്റ്, പരിശീലനം, യോഗ്യത, തൊഴിൽ, ജോലി നിലനിർത്തൽ എന്നിവയ്ക്കുള്ള പിന്തുണ ഇതിൽ ഉൾപ്പെടുന്നു.
പ്രാദേശികവൽക്കരണ പിന്തുണാ പരിപാടികളിലേക്കും മാനവ വിഭവശേഷി വികസന ഫണ്ടിന്റെ ‘ഹദാഫ്’ പരിപാടികളിലേക്കും മുൻഗണനാക്രമത്തിൽ പ്രവേശനം ലഭിക്കും. സ്വകാര്യ മേഖലയിലെ പുരുഷന്മാരുടെ ജിംനേഷ്യത്തിലുമൊക്കെ ട്രെയിനർമാരായി പ്രവാസി മലയാളികളടക്കമുള്ള വിദേശികൾ ജോലി ചെയ്യുന്നുണ്ട്.
saudization in saudi gyms and sports centers





























