അബുദാബി: (gcc.truevisionnews.com) പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജവും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച 17 ഇന്ത്യക്കാരുൾപ്പെടെ 35 വിദേശികൾക്കെതിരെ യുഎഇ കർശന നിയമനടപടി സ്വീകരിച്ചു.
രാജ്യത്തിനെതിരായ സൈനിക നീക്കങ്ങളെ മഹത്വവൽക്കരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതാണ് നടപടിക്ക് ആധാരമായത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടിട്ടുണ്ട്. യുഎഇക്ക് എതിരായ ആക്രമണങ്ങൾ എന്ന പേരിൽ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതും മറ്റു രാജ്യങ്ങളിലെ യുദ്ധദൃശ്യങ്ങൾ യുഎഇയിലേത് എന്ന രീതിയിൽ അവതരിപ്പിച്ചതും ഗൗരവകരമായ കുറ്റങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി രാജ്യസുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നത്.
പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുകയും സാമൂഹിക അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാം. നേരത്തെ സമാനമായ രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൈനിക നീക്കങ്ങളോ തന്ത്രപ്രധാന കേന്ദ്രങ്ങളോ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൈമാറുന്നതിനെതിരെ യുഎഇ ശക്തമായ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
Action taken against those who spread false propaganda in the UAE in the wake of the conflicts


































