മനാമ: (https://gcc.truevisionnews.com/) ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി.കെ.എസ്-ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും. സമാജത്തിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വച്ച് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവരാണ് പുസ്തകോത്സവത്തിൻ്റെയും കൾച്ചറൽ കാര്ണിവലിന്റെയും വിവരങ്ങൾ അറിയിച്ചത്.
കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദിവസേന 7.30ന് കൾച്ചറൽ പ്രോഗ്രാമുകളും തുടർന്നു പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും ഉണ്ടായിരിക്കും. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പുസ്തകമേളയിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പുസ്തക ശേഖരവും ഉണ്ടായിരിക്കും.
ഡിസംബർ നാലാം തീയതി വൈകീട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങു എൺപതോളം ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബാൻഡോടെ ആരംഭിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയും പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വർമ വിശിഷ്ടാതിഥിയും ആയിരിക്കും.
9th BKS-DC International Book Festival begins
































