കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിൽ സ്വദേശികളായ പുരുഷന്മാർക്ക് 18 വയസ്സ് തികയുമ്പോൾ നിർബന്ധിത സൈനിക സേവനം (നാഷനൽ മിലിട്ടറി സർവീസ്) ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. 2012 ജനുവരി 1 മുതൽ ജനിച്ചവർക്കാണ് ഈ നിയമം ബാധകമാകുന്നത്. 2015ലെ സൈനിക സേവന നിയമത്തിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് കുവൈത്ത് വാർത്താ ഏജൻസി (കുന) റിപോർട്ട് ചെയ്തു.
- ∙ റജിസ്ട്രേഷൻ കാലാവധി കൂട്ടി
പുതിയ ഭേദഗതി പ്രകാരം സൈനിക സേവനത്തിനായുള്ള റജിസ്ട്രേഷൻ കാലാവധി 60 ദിവസത്തിൽ നിന്ന് 180 ദിവസമായി വർധിപ്പിച്ചു. കൂടാതെ, കുടുംബത്തിലെ ഏക മകനെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കാനും നിയമം അനുവദിക്കുന്നു. കുവൈത്ത് ഫയർ ഫോഴ്‌സിന് നൽകിയിട്ടുള്ളതിന് സമാനമായ ഇളവുകൾ ഇനി മുതൽ കുവൈത്ത് ഓയിൽ കമ്പനിയിലെ (കെഒസി) അഗ്നിശമന സേനാംഗങ്ങൾക്കും ലഭ്യമാകും.
- പ്രധാന മാറ്റങ്ങൾ
നാല് മേഖലകൾ: നിർബന്ധിത സൈനിക സേവനത്തിന് എത്തുന്നവരെ കുവൈത്ത് സായുധ സേന, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് നാഷനൽ ഗാർഡ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നീ നാല് മേഖലകളിലായി വിന്യസിക്കും.
ആനുകൂല്യങ്ങൾ: ജോലിയിലുള്ള ഉദ്യോഗസ്ഥർ സൈനിക സേവനത്തിന് പോകുമ്പോൾ അവരുടെ ശമ്പളം, അലവൻസുകൾ, ബോണസ് എന്നിവ തുടർന്നും ലഭിക്കും. കൂടാതെ, സൈനിക സേവന കാലയളവ് അവരുടെ ഔദ്യോഗിക സർവീസ് കാലയളവിനൊപ്പം ചേർക്കുകയും ചെയ്യും. നിലവിലുള്ള നിയമത്തിലെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും കൂടുതൽ വ്യക്തത വരുത്താനും ലക്ഷ്യമിട്ടാണ് ഭരണകൂടത്തിന്റെ ഈ നീക്കം.
Military service mandatory for those turning 18 in Kuwait new amendments released





























