Feb 19, 2026 02:49 PM

ഷാർജ: ( gcc.truevisionnews.com ) റമസാനിൽ റോഡുകളിൽ ഡ്രൈവർമാർ കൂടുതൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന നിർദേശം. ഇഫ്താറിന് തൊട്ടുമുമ്പുള്ള മിനിറ്റുകളിൽ ലക്ഷ്യസ്ഥാനത്തെത്താനുള്ള അമിത വേഗം ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ പൊലീസ് നടപ്പിലാക്കുന്ന റമസാൻ ബോധവൽക്കരണ ക്യാംപെയിനിന്റെ ഭാഗമായാണ് ഈ ആഹ്വാനം. മഗ് രിബ് ബാങ്കിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ റോഡുകളിൽ അപകടസാധ്യത വർധിക്കുന്നതായി ഷാർജ പൊലീസ് മീഡിയ അവേർനസ് വിഭാഗത്തിലെ ക്യാപ്റ്റൻ മന അൽ നഖ്ബി ചൂണ്ടിക്കാട്ടി.

ദിവസം മുഴുവൻ നീളുന്ന വ്രതം മൂലമുള്ള ശാരീരിക തളർച്ചയും നിർജ്ജലീകരണവും മാനസിക സമ്മർദ്ദവും ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കാൻ സാധ്യതയുണ്ട്. സൂര്യാസ്തമയത്തിന് മുമ്പ് വീട്ടിലെത്താനുള്ള തിടുക്കവും ക്ഷീണവും ചേരുമ്പോൾ റോഡിലെ സാഹചര്യം അപകടകരമാകുന്നു. ഏതാനും മിനിറ്റുകൾ വൈകിയാലും ജീവിതം തകർക്കുന്ന അപകടങ്ങളിൽപ്പെടാതിരിക്കാനാണ് വിശ്വാസികൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റോഡിലെ ദേഷ്യവും അക്ഷമയും ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കില്ലെന്ന് മാത്രമല്ല, തെറ്റായ തീരുമാനങ്ങളെടുക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുകയും ചെയ്യും. യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാനും അനാവശ്യ സമ്മർദ്ദം ഒഴിവാക്കാനും പൊലീസ് നിർദ്ദേശിക്കുന്നു. വാഹനത്തിൽ വെള്ളമോ ഈന്തപ്പഴമോ കരുതുന്നത് നന്നായിരിക്കും.

ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണെങ്കിൽ റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തി നോമ്പ് തുറന്ന ശേഷം യാത്ര തുടരുന്നതാണ് ഉചിതം. റമസാൻ പുണ്യപ്രവൃത്തികൾക്കുള്ള മത്സരമാണെന്നും അത് റോഡിലെ മത്സരയോട്ടമാകരുതെന്നും ഷാർജ പൊലീസ് ഓർമിപ്പിച്ചു. ഓരോരുത്തരും സുരക്ഷിതമായി വീട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ റോഡ് സുരക്ഷയിൽ എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.



sharjah police issue strict road safety advisory for ramadan

Next TV

Top Stories










News Roundup