കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്ത് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെതിരെ പണം തട്ടിയെടുത്ത കേസിൽ അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. റിപ്പോർട്ടനുസരിച്ച്, ഔദ്യോഗിക രേഖകൾ കൃത്രിമമായി തയ്യാറാക്കി, വളർച്ചാ ഹോർമോണുകളും മാനസികാരോഗ്യത്തിനുള്ള മരുന്നുകളും ഉൾപ്പെടെയുള്ള സങ്കീർണ മരുന്നുകൾ വ്യാജ പ്രിസ്ക്രിപ്ഷനുകൾ ഉപയോഗിച്ച് കൈക്കലാക്കി വ്യക്തിഗത ലാഭത്തിനായി വിൽപ്പന നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രത്യേക മരുന്നുകളിൽ കുറവ് കണ്ടെത്തിയതോടെയാണ് കേസ് പുറത്ത് വന്നത്. തുടർന്ന് ആഭ്യന്തര ഓഡിറ്റ് സമിതി രൂപീകരിച്ച് പരിശോധന നടത്തിയപ്പോൾ ഏകദേശം 14,000 കുവൈത്തി ദിനാർ നഷ്ടം വന്നതായി കണ്ടെത്തി. തുടർന്ന് കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് കൈമാറി.
അന്വേഷണത്തിൽ മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തതും, പൊതു ധനം ദുരുപയോഗം ചെയ്തതും, രേഖകൾ കൃത്രിമം നടത്തിയതും സ്ഥിരീകരിച്ചു. കുറ്റക്കാരനായി കണ്ടെത്തിയ ഫാർമസിസ്റ്റിന് ഏഴ് വർഷം കഠിന തടവും 28,000 ദിനാർ പിഴയും വിധിച്ചു. കൂടാതെ സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കാനും കോടതി ഉത്തരവിട്ടു.
Pharmacist sentenced to seven years in prison for embezzling money from a government hospital in Kuwait


































