ദുബായ് : ( gcc.truevisionnews.com ) ദുബായ് അൽ ഖിസൈസിലെ ലുലു വില്ലേജിനും ആർടിഎയ്ക്കും മധ്യേയുള്ള ലിയോ സ്റ്റുഡിയോയിലെ ജീവനക്കാരായ വടകര സ്വദേശി വൈഷ്ണവും ഇരിട്ടി സ്വദേശിനി സുനിതയും ചേർന്ന് ഒരു പൂച്ചക്കുട്ടിക്ക് പുതുജീവൻ നൽകി. രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങവേ, പോൺ പാർക്കിനടുത്തുള്ള ഓവർ ബ്രിഡ്ജിന് സമീപത്തെ ഒരു മരത്തിൽ കുടുങ്ങിയ പൂച്ചക്കുട്ടിയുടെ കരച്ചിൽ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
രണ്ട് പ്രധാന റോഡുകൾക്ക് നടുവിലുള്ള മരത്തിലായിരുന്നു പൂച്ചക്കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. താഴെ തിരക്കേറിയ റോഡായതിനാൽ മരത്തിൽ നിന്ന് വീണാൽ പൂച്ചക്കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ ഇവർ അതിനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ തീരുമാനിച്ചു. ആദ്യം സുനിതയുടെ ഷാൾ വിരിച്ച് പൂച്ചക്കുട്ടിയോട് താഴേക്ക് ചാടാൻ ആവശ്യപ്പെട്ടെങ്കിലും ഭയം കാരണം അത് തയ്യാറായില്ല. തുടർന്ന് വൈഷ്ണവ് നേരിട്ട് മരത്തിൽ കയറി പൂച്ചക്കുട്ടിയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടിക്ക് വല്ലാതെ വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ അടുത്തുള്ള ഹോട്ടലിൽ നിന്ന് ചിക്കനും വെള്ളവും വാങ്ങി നൽകി. ഒന്ന് രണ്ട് ദിവസമായി പൂച്ചക്കുട്ടി മരത്തിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് അവർക്ക് തോന്നി. സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാൻ സാഹചര്യമില്ലാത്തതിനാൽ, ഭക്ഷണവും ആളുകളുടെ സാമീപ്യവും ഉറപ്പുള്ള സുരക്ഷിതമായ ഒരിടത്ത് പൂച്ചക്കുട്ടിയെ ആക്കി അവർ മടങ്ങി. ഇവരുടെ ഈ കാരുണ്യപ്രവർത്തി കണ്ടുനിന്നവർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി.
dubai al qusais-kitten rescue news details


































