---
title: "ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127 ജോഡികൾ"
english_title: "'Community blessing' for government employees in Dubai; 127 couples get married in the same pandal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342714/community-blessing-for-government-employees-in-dubai-127-couples-get-married-in-the-same-pandal"
published_at: "2026-02-18T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995a0d0cf6e6_Dubai_127_couples_get_married_in_the_same_pandal.jpg"
keywords: []
---

# ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127 ജോഡികൾ

> **Lead Summary:** ദുബായ്: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതി ദുബായിൽ സർക്കാർ ജീവനക്കാർക്കായി പ്രൗഢമായ സമൂഹ വിവാഹം സംഘടിപ്പിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് കസ്റ്റംസും സംയുക്തമായാണ് ഈ വിപുലമായ ചടങ്ങ് ഒരുക്കിയത്. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

## Article Content

ദുബായ്: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതി ദുബായിൽ സർക്കാർ ജീവനക്കാർക്കായി പ്രൗഢമായ സമൂഹ വിവാഹം സംഘടിപ്പിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് കസ്റ്റംസും സംയുക്തമായാണ് ഈ വിപുലമായ ചടങ്ങ് ഒരുക്കിയത്. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 127 ജീവനക്കാരാണ് ഈ ചടങ്ങിലൂടെ വിവാഹിതരായത്. ഇതിൽ ജിഡിആർഎഫ്എ ദുബായിൽ നിന്ന് 87 പേരും, ദുബായ് കസ്റ്റംസിൽ നിന്ന് 34 പേരും, പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷനിൽ നിന്ന് 6 ജീവനക്കാരും ഉൾപ്പെടുന്നു. ഇത് പന്ത്രണ്ടാം തവണയാണ് ദുബായിൽ ഇത്തരത്തിൽ സർക്കാർ ജീവനക്കാർക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും വിവാഹച്ചെലവുകൾ ലഘൂകരിക്കുന്നതിനും സർക്കാർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വലിയ പ്രശംസയാണ് നേടുന്നത്.

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ശിലയാണെന്നും യുവജനങ്ങൾക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുടുംബജീവിതത്തിലേക്ക് കടക്കാൻ ഇത്തരത്തിലുള്ള കൂട്ടവിവാഹങ്ങൾ ശക്തമായ പിന്തുണയാണെന്നും ഷെയ്ഖ് മൻസൂർ അഭിപ്രായപ്പെട്ടു. യുവാക്കളെ സാമ്പത്തികവും സാമൂഹികവുമായ ഭാരങ്ങളിൽ നിന്ന് മോചിപ്പിച്ച് ഒരു സന്തുലിത കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് യുഎഇയുടെ ദർശനമെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി. ചടങ്ങിൽ സഈദ് ബിൻ അഹ്‌മദ്‌ ഖലീഫ അൽ മക്തൂം, ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മ ർറി, ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസെനാട് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342714/community-blessing-for-government-employees-in-dubai-127-couples-get-married-in-the-same-pandal)