ദുബായ്: (https://gcc.truevisionnews.com/)ആഗോള ഭക്ഷ്യമേഖലയിൽ അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന 31-ാമത് 'ഗൾഫുഡ്' മേള സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭക്ഷ്യരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലൂടെ വിപണിയുടെ കാര്യക്ഷമത ഉയർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റി ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
195 രാജ്യങ്ങളിൽ നിന്നായി എണ്ണായിരത്തഞ്ഞൂറിലധികം പ്രദർശകർ മേളയിൽ അണിനിരക്കുന്നു.ആഗോള ഭക്ഷ്യവ്യവസായത്തിന്റെ വിവിധ തലങ്ങളിലുള്ള 15 ലക്ഷത്തോളം ഉൽപ്പന്നങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.ഇന്ത്യ, അമേരിക്ക, ഇറ്റലി, തുർക്കി തുടങ്ങി പ്രമുഖ രാജ്യങ്ങളുടെ പവിലിയനുകൾ ശൈഖ് മുഹമ്മദ് സന്ദർശിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദർശനമായ ഗൾഫുഡ്, ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്‌പോ സിറ്റിയിലുമായാണ് നടക്കുന്നത്. എക്സ്‌പോ സിറ്റിയിലെ പുതുതായി ഒരുക്കിയ വേദിയുടെ ഉദ്ഘാടന പരിപാടി കൂടിയാണിത്. ആഗോള വ്യാപാര-വ്യവസായ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഉറപ്പിക്കാൻ പുതിയ വേദിയും ഈ മേളയും വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International cooperation in the food sector will be strengthened: Sheikh Mohammed


































