അബുദാബി: ( gcc.truevisionnews.com ) വാനരവസൂരിക്കെതിരെ (എംപോക്സ്) ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്കും പകരാം.
യാത്രയിലും ഒത്തുചേരലിലും മതിയായ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രോഗബാധിതർ സുഖപ്പെടുംവരെ ആശുപത്രിയിലാക്കും.
. പകരുന്നതെങ്ങനെ
രോഗബാധിതരുമായോ വന്യമൃഗങ്ങളുമായോ അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന വൈറസാണ് എംപോക്സ്. സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും പകരാം.രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തെത്തുന്ന ശ്വസന കണികകളിലൂടെയും പകരും.
സംശയാസ്പദമായ കേസുകൾ സർക്കാർ ആശുപത്രികളിലെ ഐസലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും സർക്കാർ ഐസലേഷനിലേക്കു മാറ്റുകയും വേണം.
അബുദാബി എമിറേറ്റിൽ അൽറഹ്ബ ഹോസ്പിറ്റൽ, അൽഐൻ ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഐസലേഷൻ സെന്ററിലേക്കാണ് രോഗികളെ മാറ്റുക.ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതു മുതൽ അവ ഉണങ്ങി പുതിയ തൊലി വരുന്നതു വരെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
പങ്കാളിയുമായല്ലാത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ രോഗബാധ കൂടുതലായി കണ്ടുവരുന്നു. ചുംബനം, ആലിംഗനം തുടങ്ങി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും വൈറസ് പടരാം. ബാച്ച്‌ലേഴ്സ് കേന്ദ്രങ്ങളിൽ കഴിയുന്നവരിലാണ് രോഗബാധ കൂടുതൽ.
∙ ഉപയോഗിച്ച വസ്തുക്കൾ
രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരികൾ, തോർത്ത്, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയും മറ്റൊരാൾക്ക് രോഗം ബാധിച്ചേക്കാം.
∙ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്
രോഗബാധിതരായ മൃഗങ്ങളുടെ (പ്രധാനമായും കുരങ്ങുകൾ, അണ്ണാൻ, എലികൾ) കടി ഏൽക്കുന്നതിലൂടെയോ പോറലുകളിലൂടെയോ വൈറസ് മനുഷ്യരിലെത്താം. മൃഗങ്ങളുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതും അപകടമാണ്.
∙ പ്രതിരോധം
രോഗലക്ഷണങ്ങളുള്ള വ്യക്തികളിൽ നിന്ന് അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗബാധിതർ ഉപയോഗിച്ച വസ്ത്രങ്ങളോ വസ്തുക്കളോ തൊടാതിരിക്കുക.
ലക്ഷണങ്ങൾ
പനി, ശരീരവേദന, വിറയൽ, കഠിനമായ തലവേദന, ക്ഷീണം, ചർമത്തിൽ കുമിള പോലെ പൊങ്ങുക എന്നിവയാണ് ലക്ഷണങ്ങൾ. 3 ദിവസത്തെ പനിക്കുശേഷം ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പുകളിൽ ദ്രാവകം നിറഞ്ഞ് കുമിളകളായി പൊന്തി പൊട്ടുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. സാധാരണ 2മുതൽ 4 ആഴ്ചകൾകൊണ്ട് രോഗം മാറും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ തുടങ്ങി 6% പേർക്ക് ഗുരുതരമായേക്കാം. ചികിത്സ ഉറപ്പാക്കണം.
abu dhabi health experts warn against monkeypox spread
































