റിയാദ്: ( gcc.truevisionnews.com ) വിശുദ്ധ റമദാൻ മാസത്തിൽ പ്രാർത്ഥനകൾക്കായി ഔട്ട്‌ഡോർ ലൗഡ് സ്‌പീക്കറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. നോമ്പ് മാസത്തിൽ പള്ളികളിലും ബാഹ്യ സ്‌പീക്കറുകൾ വഴി പ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്യാൻ അനുവാദമില്ലെന്ന് ഇസ്ലാമികകാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് ആണ് വ്യക്തമാക്കിയത്.
പ്രാർത്ഥന തുടങ്ങുന്ന സമയത്തുള്ള അദാൻ, ആരാധനയുടെ ആരംഭം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ അറിയിപ്പായ ഇഖാമ എന്നിവയ്‌ക്ക് മാത്രമേ ഔട്ട്‌ഡോർ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടുള്ളു. അതും പരിമിതമായ രീതിയിൽ മാത്രം. റമദാന് മുന്നോടിയായി പള്ളികൾ ഒരുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഇസ്ലാമികകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇതിലാണ് പുതിയ പ്രഖ്യാപനവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഉമ്മുൽ-ഖുറ കലണ്ടറിന് അനുസൃതമായി ഔദ്യോഗിക പ്രാർത്ഥന സമയങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, ഇഷാ പ്രാർത്ഥനയുടെ കൃത്യമായ ഷെഡ്യൂളിംഗ്, ഓരോ പ്രാർത്ഥനയ്ക്കും അദാനും ഇഖാമയും തമ്മിലുള്ള ഇടവേള പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ അത്യാവശ്യകത തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്.
എല്ലാ സൗകര്യങ്ങളും വൃത്തിയും സുരക്ഷിതത്വവും ഉറപ്പാക്കാനായി പള്ളി പരിപാലകരെയും അറ്റകുറ്റപ്പണി നടത്തുന്ന സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പുണ്യമാസത്തിൽ ചുറ്റുമുള്ള സമൂഹങ്ങളോട് ബഹുമാനം നിലനിർത്തുന്നതിനൊപ്പം, വിശ്വാസികൾക്ക് ശാന്തവും സംഘടിതവും ആത്മീയമായി സമ്പന്നവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
none of this should be done during the month of Ramadan Gulf country issues advisory





























