യുഎഇ: ( gcc.truevisionnews.com ) യുഎഇയിൽ ടോൾ കുടിശികയുടെ പേരിൽ വാഹന ഉടമകളെ കബളിപ്പിച്ച് പണം തട്ടാൻ വ്യാപകമായ ശ്രമം നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. അബുദാബിയിലെ ടോൾ സംവിധാനമായ ‘ദർബിന്റെ’ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്.
ടോൾ കുടിശിക ഉടൻ അടച്ചില്ലെങ്കിൽ വലിയ തുക പിഴ ചുമത്തുമെന്നും ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകൾ വരുമെന്നുമാണ് സന്ദേശങ്ങളിലെ ഭീഷണി. ‘ദർബ് അലർട്ട്’ എന്ന പേരിൽ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങൾ യുഎഇക്ക് പുറത്തുള്ള നമ്പറുകളിൽ നിന്നാണ് വരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പണം അടയ്ക്കുന്നതിനായി സന്ദേശത്തിനൊപ്പം നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഈ ലിങ്കുകൾ വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്താൻ തട്ടിപ്പുകാർക്ക് കഴിയും. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുതെന്ന് ദർബ് ടോൾ സംവിധാനം നിയന്ത്രിക്കുന്ന ‘അബുദാബി മൊബിലിറ്റി’ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഒരു നിമിഷത്തെ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.
ടോൾ ഫീസ് അടയ്ക്കാൻ ദർബ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, താം ആപ്പ് തുടങ്ങിയ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പണമടയ്ക്കുന്നതിന് മുൻപായി ദർബ് അക്കൗണ്ടിൽ ലോഗിൻ ചെയ്ത് യഥാർത്ഥത്തിൽ കുടിശ്ശിക ഉണ്ടോ എന്ന് വാഹന ഉടമകൾ ഉറപ്പുവരുത്തണം. അപരിചിതരായ വ്യക്തികൾക്കോ ലിങ്കുകൾക്കോ വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Cyber fraud in the name of toll dues Authorities warn against fake messages in the UAE



































