ദുബായ് : (https://gcc.truevisionnews.com/)എമിറേറ്റിലെ വൈദ്യുതഗ്രീൻ ചാർജർ സ്റ്റേഷനുകളുടെ ശൃംഖലയിൽ 1,860 പോയിന്റുകൾ സജ്ജമാക്കിയതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) അധികൃതർ അറിയിച്ചു.
പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ അതോറിറ്റി ലൈസൻസ് നൽകിയ ചാർജിങ് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുമെന്ന് ദേവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ഈ മാസം പകുതിവരെയായി 23,600 ഉപയോക്താക്കൾ സംരംഭത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014-ൽ ആരംഭിച്ചതുമുതൽ 55200 മെഗാവാട്ട് മണിക്കൂറിലേറെ വൈദ്യുതി സംരംഭത്തിലൂടെ വിതരണം ചെയ്തിട്ടുണ്ട്. ഇതുവഴി വൈദ്യുതി വാഹനങ്ങൾ ഏകദേശം 27.6 കോടിയിലേറെ കിലോമീറ്റർ സഞ്ചരിക്കാനായി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഹരിത സമ്പദ്‌വ്യവസ്ഥയിലും സുസ്ഥിര ഗതാഗതത്തിലും എമിറേറ്റിന്റെ സ്ഥാനം ഉയർത്താനാണ് ശ്രമിക്കുന്നത്. യുഎഇ നെറ്റ് സീറോ 2050, ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ നൽകുന്നത്.
അൾട്രാ -ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക് ചാർജർ, വാൾ മൗണ്ടഡ് യൂണിറ്റ്‌സ് എന്നിങ്ങനെ നാലുതരം ചാർജിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ കൂടാതെ മറ്റു 14 ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ഉപയോക്താക്കൾക്ക് ചാർജിങ് പോയിന്റുകൾ കണ്ടെത്താൻ സാധിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Dubai expands electric vehicle charging, green charging points reach 1860



































