കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്ത് ജയിൽ ഭരണവിഭാഗം ആസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ അന്തരിച്ചു. ഞായറാഴ്ച സുലൈബിഖാത്ത് ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ടെത്തി അന്ത്യോപചാരമർപ്പിച്ചു.
ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹൈബ്, മുതിർന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനവലിയാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥനായിരുന്ന അൽ ഖംസാൻ, കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകളെത്തുടർന്നാണ് മരണപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അൽ ഖംസാന്‍റെ വിയോഗം കുവൈത്ത് സുരക്ഷാ സേനയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും പരേതന്‍റെ കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്നും മന്ത്രാലയം പ്രാർത്ഥനയോടെ അറിയിച്ചു. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടെ ജീവൻ നഷ്ടമായ ഉദ്യോഗസ്ഥന് അർഹമായ സൈനിക ബഹുമതികളോടെയാണ് രാജ്യം വിട നൽകിയത്.
Colonel Saud Nasser Al-Qamzan who was undergoing treatment for injuries sustained in a fire, has passed away.




































