ജുബൈൽ: ( gcc.truevisionnews.com ) സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. ആലപ്പുഴ നൂറനാട്, കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 11 മാസമായി ഭർത്താവിനോടൊപ്പം ജുബൈലിൽ താമസിച്ചുവരികയായിരുന്നു മഞ്ജു.
അടുത്ത മാസം നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇവർ നേരത്തെ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ അബോധാവസ്ഥയിലായ മഞ്ജുവിനെ റെഡ് ക്രസൻറ് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ജുബൈലിൽ ജോലി ചെയ്യുന്ന പ്രസാദ് ജനാർദ്ദനൻ ആണ് ഭർത്താവ്. മകൾ: അഞ്ജലി. ചെല്ലപ്പൻ നാരായണൻ, പുഷ്പവല്ലി ജാനകി എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: മനോജ് കുമാർ. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നിയമനടപടികൾ പുരോഗമിക്കുന്നത്.
Malayali housewife who arrived in Saudi Arabia on a visit visa dies


































