ദുബൈ: (gcc.truevisionnews.com) നഗരത്തിൽ ആയിരക്കണക്കിനുപേർ പങ്കെടുക്കുന്ന വാർഷിക പരിപാടിയായ ദുബൈ സൈക്കിൾ റൈഡിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെ തിരക്കേറിയ സമയത്തെ സാലിക് നിരക്കിൽ വർധന. പ്രധാന പരിപാടികളുടെയും സുപ്രധാന അവധിദിനങ്ങളുടെയും സാഹചര്യത്തിൽ ഗതാഗതം എളുപ്പമാക്കാൻ മാറിമാറിവരുന്ന നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മാറ്റം.
ഇതനുസരിച്ച് ഞായറാഴ്ച രാവിലെ ആറുമുതൽ 10 വരെ സാലിക് നിരക്ക് ആറു ദിർഹം ഈടാക്കും. സാധാരണ ഈ സമയത്ത് നാലു ദിർഹമാണ് ഈടാക്കിയിരുന്നത്. 10 മണി മുതൽ പുലർച്ച ഒരുമണി വരെയുള്ള സമയത്ത് നാലു ദിർഹം തന്നെയായിരിക്കും നിരക്ക്. പുലർച്ച ഒരു മണി മുതൽ രാവിലെ ആറുവരെ നിരക്ക് ഈടാക്കാറില്ല.
ഈ വർഷം ജനുവരി മുതലാണ് തിരക്കേറിയ സമയങ്ങളിൽ നിരക്കിൽ മാറ്റംവരുത്തുന്നത് ആരംഭിച്ചത്. തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹമും മറ്റു സമയങ്ങളിൽ നാലു ദിർഹവുമാണ് നിരക്ക്. നിലവിൽ നഗരത്തിൽ 10 സാലിക് ടോൾ ഗേറ്റുകളാണുള്ളത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ദുബൈ റൈഡിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കാറുള്ളത്.
dubai cycle ride tomorrow salik fare hike


































