ദോഹ: [gcc.truevisionnews.com] ഖത്തറിൽ റേഷൻ വിതരണം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ ഹോം ഡെലിവറി പദ്ധതി ആരംഭിച്ചു. സബ്‌സിഡി നിരക്കിൽ ഭക്ഷ്യറേഷൻ ലഭിക്കുന്ന യോഗ്യരായ പൗരന്മാർക്ക് ഇനി റേഷൻ സാധനങ്ങൾ നേരിട്ട് വീടുകളിൽ എത്തിച്ചുനൽകും.
റഫീഖ്, സ്‌നൂനു എന്നീ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ തന്നെ സ്വീകരിക്കാനാകും. കൃത്യവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നതിനായി ഡെലിവറിയുടെ ഭാഗമായി വെരിഫിക്കേഷൻ കോഡ് വഴി വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കും.
ഓരോ ഡെലിവറിക്കും 25 റിയാൽ ഫീസ് ഈടാക്കും. റേഷൻ കാർഡിന്റെ താഴെ അച്ചടിച്ചിരിക്കുന്ന എട്ട് അക്ക നമ്പർ ഉപയോഗിച്ച് റഫീഖ്, സ്‌നൂനു മൊബൈൽ ആപ്ലിക്കേഷനുകൾ വഴി യോഗ്യരായ പൗരന്മാർക്ക് ഓർഡർ നൽകാം.
നൂതന ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, സേവനവിതരണം കൂടുതൽ സുഗമമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Ministry launches doorstep ration delivery service

































