മനാമ: [gcc.truevisionnews.com] തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിനുള്ള ദേശീയ തലത്തിലുള്ള ശക്തമായ നടപടികളുടെ ഭാഗമായി ബഹ്‌റൈനിൽ 80 ലധികം പ്രവാസികളെ നാടുകടത്തി.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വിവിധ ഗവർണറേറ്റുകളിലായി നടത്തിയ വ്യാപക പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്. ഡിസംബർ 14 മുതൽ 20 വരെ നടന്ന ഒരാഴ്ച നീണ്ട പരിശോധനാ കാലയളവിൽ 242 പരിശോധനകളും 13 സംയുക്ത കാമ്പയിനുകളും നടപ്പാക്കി.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ബന്ധപ്പെട്ട ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ 1,16,217 പരിശോധനകൾ നടത്തിയതായും, ഇതിലൂടെ പിടിയിലായ 12,000 പ്രവാസികളെ ഇതിനകം നാടുകടത്തിയതായും എൽ.എം.ആർ.എ അറിയിച്ചു.
തൊഴിൽ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾ തുടരുമെന്ന് അതോറിറ്റി ആവർത്തിച്ചു.
അനധികൃത തൊഴിൽ പ്രവർത്തനങ്ങൾക്കെതിരെ സർക്കാരിന് പിന്തുണ നൽകാൻ പൗരന്മാരും താമസക്കാരും മുന്നോട്ട് വരണമെന്നും അധികൃതർ അഭ്യർഥിച്ചു.
Labor law violations, expatriates deported
































