മനാമ: [gcc.truevisionnews.com] ബഹ്റൈനിൽ ഫുഡ് പാക്കിങ് മേഖലയിൽ ജോലി ഉറപ്പുനൽകാമെന്ന വ്യാജ വാഗ്ദാനവുമായി സോഷ്യൽ മീഡിയയിലൂടെ നടന്ന തട്ടിപ്പിൽ ഒരു പാകിസ്താൻ പൗരന് ഏകദേശം 538 ബഹ്റൈൻ ദിനാർ നഷ്ടമായി.
ആറുമാസങ്ങൾക്ക് മുൻപാണ് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാൾ ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ സമീപിച്ചത്. വിസ നടപടികൾ പൂര്‍ത്തിയായ ശേഷം മാത്രമേ പണം നൽകേണ്ടതുള്ളുവെന്നായിരുന്നു ആദ്യം നൽകിയ ഉറപ്പ്.
ബഹ്റൈൻ–പാകിസ്താൻ നമ്പറുകൾ മാറിമാറി ഉപയോഗിച്ചാണ് പ്രതി ബന്ധപ്പെടുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം വിവിധ ഘട്ടങ്ങളിലായി യുവാവിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.
യുവാവിന്റെ ശുപാർശയെ തുടർന്ന് സുഹൃത്തിന്റെ സഹോദരനും ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ പണം കൈപ്പറ്റിയതോടെ വിസ നൽകുന്നതിൽ പ്രതി ഉദ്ദേശപൂർവം വൈകിപ്പിക്കാൻ തുടങ്ങി.
രേഖകളിലെ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് മാസങ്ങളോളം യുവാവിനെ തെറ്റിദ്ധരിപ്പിച്ച ഇയാൾ, ഒടുവിൽ എല്ലാ ആശയവിനിമയവും അവസാനിപ്പിച്ച് യുവാവിനെ ബ്ലോക്ക് ചെയ്ത് മുങ്ങി. രാജ്യാതീതമായി നടക്കുന്ന ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കുന്നത് ഏറെ സങ്കീർണ്ണമാണെന്ന് അധികൃതർ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്ന ഏജൻസികളെയോ വ്യക്തികളെയോ മുൻകൂട്ടി കൃത്യമായി പരിശോധിക്കണമെന്നും, തട്ടിപ്പുകാർ ആദ്യം വിശ്വാസം നേടിയെടുക്കുമെന്ന കാര്യം ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Job offer social media scam
































