ഷാർജ: ( gcc.truevisionnews.com ) എമിറേറ്റിൽ ക്ലാസിക് വാഹനങ്ങൾക്കും ബൈക്കുകൾക്കും പ്രത്യേക നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ച് ഷാർജ പൊലീസ്. ഷാർജയുടെ ദൃശ്യഭംഗിയോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് പുതിയ നമ്പർ പ്ലേറ്റുകളുടെ രൂപകൽപന. ക്ലാസിക് വാഹനങ്ങൾക്കായി ഫസ്റ്റ് കാറ്റഗറി, മോട്ടോർ സൈക്കിളുകൾക്കുള്ള ഫസ്റ്റ് കാറ്റഗറി, സ്വകാര്യ നമ്പർ പ്ലേറ്റുകൾ എന്നിവയാണ് പ്രത്യേക നമ്പർ പ്ലേറ്റ് വിഭാഗത്തിൽ ഉൾപ്പെടുക.
ക്ലാസിക് വാഹനങ്ങളുടെ പൈതൃകമായ സ്വഭാവങ്ങൾ നിലനിർത്തി കൊണ്ട് ആധുനിക മാനദണ്ഡങ്ങൾ പാലിച്ചാണ് നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ച് പുതിയ നമ്പർ പ്ലേറ്റുകൾ വിൽപന നടത്തും. ഗുണനിലവാരവും വൈവിധ്യവും നിറഞ്ഞ ഒന്നിലധികം ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനും ട്രാഫിക് സേവന സംവിധാനം വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ നീക്കമെന്ന് അധികൃതർ അറിയിച്ചു.
ക്ലാസിക് വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും ഉടമകൾക്ക് ഉയർന്ന നിലവാരത്തിലുള്ളതും വ്യത്യസ്തവുമായ സേവനങ്ങൾ നൽകുന്നതിനുള്ള നിയമ ചട്ടക്കൂടുകളോട് കൂടിയായിരിക്കും പുതിയ നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുക. ഷാർജയിൽ പഴയ വാഹനങ്ങൾക്ക് വലിയ രീതിയിൽ ആവശ്യക്കാരുണ്ട്. ഇവർക്ക് പ്രത്യേകമായി നമ്പർ പ്ലേറ്റ് അവതരിപ്പിക്കുന്നതിലൂടെ ഈ മേഖലയിൽ കൂടുതൽ പേരെ ആകർഷിക്കുകയാണ് ലക്ഷ്യം.
Special number plates for classic vehicles; Sharjah Police announced


























