Featured

വായനയുടെ ആഗോള സംഗമം; ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ അഞ്ച് മുതൽ

Art & Culture |
Oct 3, 2025 01:35 PM

ഷാർജ : (gcc.truevisionnews.com) വായനയുടെയും വിജ്ഞാനത്തിന്റെയും ആഗോള സംഗമവേദിയായ ഷാർജ രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ്) 44-ാം പതിപ്പിനന് കളമൊരുങ്ങി. "നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ" എന്ന പ്രമേയത്തിൽ നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മലയാളി പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട പുസ്തകമേള.

മേളയുടെ ഔദ്യോഗിക അതിഥി രാഷ്ട്രമായി ഗ്രീസിനെ പ്രഖ്യാപിച്ചു. ലോക സംസ്കാരത്തിന് അടിസ്ഥാന സംഭാവനകൾ നൽകിയ ഗ്രീസിന്റെ പാരമ്പര്യം ആഘോഷിക്കുന്നതിനായി പുസ്തക പ്രകാശന ചടങ്ങുകൾ, സംവേദനാത്മക ശിൽപശാലകൾ, കലാ-നാടക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ, വിനോദ പരിപാടികൾ ഗ്രീസ് അവതരിപ്പിക്കും.

അപൂർവ കൈയെഴുത്തുപ്രതികൾ, ചരിത്രരേഖകൾ, ആധുനിക സാഹിത്യകൃതികൾ എന്നിവയുടെ പ്രദർശനവും പ്രമുഖ ചിന്തകരുമായുള്ള സംവാദങ്ങളും സാംസ്കാരിക ബന്ധം ദൃഢമാക്കും. വായനക്കാരനും എഴുതപ്പെട്ട വാക്കുകളും തമ്മിലുള്ള പ്രതീകാത്മക ബന്ധത്തിന് അടിവരയിടുന്നതാണ് ഈ വർഷത്തെ പ്രമേയം.

അറിവ് തേടുന്നതിനോ, പുതിയ യാഥാർഥ്യങ്ങൾ കണ്ടെത്താനോ, വിദൂര ലോകങ്ങളിലേയ്ക്ക് യാത്ര ചെയ്യാനോ, ആത്മവിശ്വാസം നേടാനോ, ഭാവനയ്ക്ക് തീ കൊടുക്കാനോ, വിശ്രമിക്കാനോ ആകട്ടെ പുസ്തകങ്ങൾ ഒരുക്കുന്ന ഈ സവിശേഷ യാത്രയുടെ പ്രാധാന്യം പ്രമേയം എടുത്തുപറയുന്നു.

പുസ്തകങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം തുടർച്ചയായതും പരസ്പരപൂരകവുമായ ഒരു യാത്രയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ) ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഇതിലൂടെ വായനക്കാർ പുതിയ അറിവുകൾ മാത്രമല്ല, തങ്ങളെക്കുറിച്ച് പുതിയ കാര്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി പുസ്തകങ്ങൾ പ്രവർത്തിച്ച് സമൂഹങ്ങളെ കൂടുതൽ പ്രബുദ്ധമായ ഭാവിക്കായി സജ്ജമാക്കുന്നുവെന്നും അവർ പറഞ്ഞു.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനത്തിന്റെ തുടർച്ചയാണ് ഈ മേളയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേറി പറഞ്ഞു. ഒരു കാലിക പരിപാടി എന്നതിൽ നിന്ന് പുസ്തകമേള സമഗ്ര വിജ്ഞാന വ്യവസായമായി വളർന്നു. പുസ്തകങ്ങളെ സാംസ്കാരികവും സാമ്പത്തികവുമായ ആസ്തിയായി കണ്ട് നിക്ഷേപം നടത്താനുള്ള അവസരങ്ങളും ഇത് സൃഷ്ടിക്കുന്നു. ഇത് ഷാർജയുടെ സ്ഥാനം അറിവിൻ്റെയും സർഗ്ഗാത്മകതയുടെയും ആഗോള ദീപസ്തംഭമായി ശക്തിപ്പെടുത്തും.

12 ദിവസത്തെ മേളയിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, സ്രഷ്ടാക്കൾ, പ്രസാധകർ എന്നിവർ അണിനിരക്കും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവേദനാത്മക ശില്പശാലകൾ എന്നിവ ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പരിപാടികൾ മേളയിലുടനീളം നടക്കും.

മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെ നടക്കും. കൂടാതെ മേളയുടെ ഭാഗമായി 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെ നടക്കും. മേളയുടെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അധികൃതർ പ്രഖ്യാപിക്കും.



A global gathering of reading Sharjah International Book Fair from November 5

Next TV

Top Stories










News Roundup






Entertainment News





//Truevisionall