അബുദാബി:(gcc.truevisionnews.com) നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് അബുദാബിയുടെ ആകാശത്ത് എയർ ടാക്സികൾ പറന്നുയരാൻ തയ്യാറെടുക്കുന്നു. ഈ വർഷം അവസാനത്തോടെ അബൂദബിയിൽ ഔദ്യോഗിക സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ എയർ ടാക്സികൾ പറന്നു തുടങ്ങുമെന്ന് നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ അറിയിച്ചു . പൈലറ്റുള്ള പറക്കും ടാക്സികളാണ് വാണിജ്യാടിസ്ഥാനത്തിൽ സർവിസിന് തയാറായതെന്ന് ആർച്ചർ ഏവിയേഷൻ സ്ഥാപകനും സി.ഇ.ഒയുമായ ആദം ഗോൾഡ്സ്റ്റെയിൻ പറഞ്ഞു.
വർഷങ്ങൾ നീണ്ട എൻജിനീയറിങ് പ്രവർത്തനങ്ങൾക്കും പരീക്ഷണ പറക്കലുകൾക്കുംശേഷം പൈലറ്റുള്ള എയർടാക്സികളുടെ വാണിജ്യ സർവിസ് ആരംഭിക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ യു.എ.ഇയിൽ പറക്കും ടാക്സി ആരംഭിക്കാനുള്ള ശ്രമത്തിലാണ്. വൈകാതെ മിഡ്നൈറ്റ് ലോഞ്ച് പതിപ്പും അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിന്റെ ശേഷി പ്രകടിപ്പിക്കുക, പൊതുസ്വീകാര്യത നേടുക, പ്രവർത്തനക്ഷമത കൈവരിക്കുക എന്നിവയോടൊപ്പം പങ്കാളികൾക്ക് എത്രയും വേഗത്തിൽ വരുമാനം നേടിക്കൊടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം വ്യക്തമാക്കി .
അബൂബദി ഏവിയേഷനുമായി കൈകോർത്താണ് സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നത്. വിമാനം വാണിജ്യാടിസ്ഥാനത്തിൽ സർവിസ് തുടങ്ങുന്നതിന് മുന്നോടിയായി കാലിഫോർണിയയിൽ പരീക്ഷണ പറക്കൽ നടന്നുവരുകയാണ്. വിമാനത്തിന്റെ ലോഞ്ചിങ്, ജീവനക്കാരുടെ പരിശീലനം, മിഡ്നൈറ്റ് പതിപ്പിന്റെ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസുമായി ആർച്ചർ ഏവിയേഷൻ നേരത്തെ കരാറിൽ എത്തിയിരുന്നു.
ആഗോളതലത്തിൽ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി ‘ലഞ്ച് എഡിഷൻ’ പ്രോഗ്രാമുകളിൽ ആദ്യത്തേത് പ്രവർത്തനക്ഷമമാക്കുന്നതിനായി ആർച്ചർ അബൂദബി ഏവിയേഷനുമായും അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസുമായും കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യ മിഡ്നൈറ്റ് വിമാനം യു.എ.ഇക്ക് കൈമാറിക്കഴിഞ്ഞു. വിമാനത്തിന്റെ പരീക്ഷണ പറക്കലുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ കാലിഫോർണിയയിലും ജോർജിയയിലുമുള്ള യൂനിറ്റുകളിൽ വിമാന നിർമാണം വർധിപ്പിച്ചിരിക്കുകയാണ്. ആറ് മിഡ്നൈറ്റ് വിമാനങ്ങളുടെ നിർമാണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Archer Aviation to launch flying taxi service in UAE soon