ദുബായ് : (gcc.truevisionnews.com) പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 5ന് അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വെള്ളിയാഴ്ച(സെപ്റ്റംബർ 5 ഹിജ്‌റ 1447, റബീഉൽ അവ്വൽ 13) ആണ് അവധി.
തിങ്കളാഴ്ച(8) ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം. മതപരവും ദേശീയവുമായ ആഘോഷങ്ങൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ഈ അവധിയെന്ന് അധികൃതർ അറിയിച്ചു. കുടുംബത്തോടൊപ്പം ഈ പുണ്യദിനം ആഘോഷിക്കാനും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്താനും ഇത് സഹായകമാകുമെന്നും വ്യക്തമാക്കി.
അതേസമയം, അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾക്കും അവധി ബാധകമല്ല. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സമയം അതത് വകുപ്പുകൾക്ക് തീരുമാനിക്കാം.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുൾപ്പെടെ എല്ലാ ഭരണാധികാരികൾക്കും രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നബിദിനാശംസകൾ നേർന്നു.
Prophet's Day: Holiday declared for government institutions in Dubai