ദുബായ്: (gcc.truevisionnews.com) ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ നിർദേശം യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷാ രജിസ്ട്രേഷന് അപാർ ഐഡി നിർബന്ധമാക്കിക്കൊണ്ടുള്ളതാണ് ഈ നിർദേശം. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷയെഴുതാൻ പോകുന്ന ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും അപാർ ഐഡി നൽകണം.
അപാർ ഐഡി ലഭിക്കണമെങ്കില്‍ ആധാർ നമ്പർ നല്‍കണം. യുഎഇയിലെ മിക്ക ഇന്ത്യന്‍ വിദ്യാർഥികള്‍ക്കും ആധാർ കാർഡില്ലെന്നുളളതാണ് വസ്തുത. ഇതോടെയാണ് ആശങ്ക ഉയർന്നത്. യുഎഇ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ ഇത് സംബന്ധിച്ചുളള നിർദേശം ഇതുവരെ നല്‍കിയിട്ടില്ലെന്നുളളത് ആശ്വാസമാണെങ്കിലും അവസാനവട്ട റജിസ്ട്രേഷനോട് അനുബന്ധിച്ച് അത്തരത്തില്‍ നിർദേശമുണ്ടായാല്‍ എന്തുചെയ്യുമെന്നുളളതാണ് മാതാപിതാക്കളുടെ ആശങ്ക.
∙ എന്താണ് അപാർ ഐഡി?
ഒരു രാജ്യം ഒരു വിദ്യാർഥി നയത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ അപാർ ഐഡി അഥവാ ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി നടപ്പിലാക്കിയത്. വിദ്യാർഥികളുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയെന്ന് ലളിതമായി പറയാം. ആധാറിന് സമാനമായി 12 അക്ക തിരിച്ചറിയില്‍ സംവിധാനമാണിത്. ഒരു വിദ്യാർഥിയുടെ എല്ലാ വിദ്യാഭ്യാസ രേഖകളും സുരക്ഷിതമായും ചിട്ടയായും സൂക്ഷിക്കുന്നതിനുളള ഡിജിറ്റല്‍ മാർഗം. apaar.education.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഐഡിയെടുക്കാന്‍ സാധിക്കുക. പേരും ജനനതീയതിയും ആധാർ നമ്പറും നല്‍കിയാണ് അപാർ ഐഡിയ്ക്ക് അപേക്ഷിക്കേണ്ടത്.
ഇന്ത്യയിലെ സ്കൂള്‍ വിദ്യാർഥികള്‍ അപാർ ഐഡി എടുക്കണമെന്ന നിർദേശം ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിദ്യാർഥികളുടെയും വിദ്യാഭ്യാസ രേഖകള്‍ ഏകോപിപ്പിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2026ല്‍ ബോർഡ് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികള്‍ക്ക് അപാർ ഐഡി നിർബന്ധമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കിയത്.
യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ റജിസ്ട്രേഷന് അപാർ ഐഡിയുമായി ബന്ധപ്പെട്ടുളള യാതൊരുനിർദേശവും ഇതുവരെ നല്‍കിയിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ ചില സ്കൂളുകളുകള്‍ മധ്യവേനല്‍ അവധിയ്ക്ക് മുന്‍പ് അപാർ ഐഡിയ്ക്കായി അധാർ എടുക്കണമെന്ന നിർദേശം രക്ഷിതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതോടെ അപാർ ഐഡി റജിസ്ട്രേഷനുവേണ്ടി ആധാർ എടുക്കേണ്ടിവരുമോയെന്നതാണ് ആശയകുഴപ്പത്തിന് ഇടനല്‍കിയത്.
നിർബന്ധമല്ലാത്തതിനാല്‍ ഇന്ത്യന്‍ പ്രവാസി വിദ്യാർഥികളില്‍ ബഹുഭൂരിഭാഗം പേരും ആധാർകാർഡ് എടുത്തിട്ടില്ല. എടുത്തവർ തന്നെ സമയത്ത് പുതുക്കിയിട്ടുമില്ല. അപാർ ഐഡി നിർബന്ധമാക്കിയാല്‍ അപാർ ലഭിക്കുന്നതിനായി ആദ്യം ആധാർ എടുക്കേണ്ടിവരും. യുഎഇ ഉള്‍പ്പെടയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ബയോമെട്രിക് എടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ആധാർ എടുക്കാനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരും. ദുബായില്‍ അക്ഷയ കേന്ദ്രമുണ്ടെങ്കിലും അവിടെയും ആധാർ എടുക്കാനുളള സൗകര്യമില്ല.
എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അബുദബി സണ്‍റൈസ് ഇന്റർനാഷനല്‍ സ്കൂളിലെ പ്രിന്‍സിപ്പലായ രാജേന്ദ്രന്‍ പദ്മനാഭന്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലുളള സ്കൂളുകള്‍ക്ക് ഇത്തരത്തിലൊരു നിർദേശം സിബിഎസ്ഇ നല്‍കിയിട്ടില്ല. അതിനുകാരണം, പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ തന്നെയാണ്. ഇന്ത്യയ്ക്ക് പുറത്തുളള കുട്ടികളുടെ വിദ്യാഭ്യാസ രേഖകള്‍ അപാർ ഐഡി ഡിജി ലോക്കിങ് സിസ്റ്റവുമായി ബന്ധിപ്പിക്കുകയെന്നുളളത് അത്ര എളുപ്പമല്ല. ഇന്ത്യയ്ക്ക് പുറത്തുളള സിബിഎസ്ഇ സ്കൂളുകളില്‍ പഠിക്കുന്നത് ഇന്ത്യാക്കാരായ കുട്ടികള്‍ മാത്രമല്ല. മറ്റ് രാജ്യങ്ങളിലെ കുട്ടികളും പഠിക്കുന്നുണ്ട്.
അബുദാബിയിലെ ഏറ്റവും വലിയ സ്കൂളായ അബുദാബി സണ്‍റൈസ് ഇന്റർനാഷനല്‍ സ്കൂളില്‍ 15 രാജ്യങ്ങളില്‍ നിന്നുളളവർ പഠിക്കുന്നുണ്ട്. ഈ കുട്ടികള്‍ക്ക് ആധാർ ഐഡി എടുക്കുകയെന്നുളളത് സാധ്യമല്ല. മറ്റ് സ്കൂളുകളിലും സമാനമായ സാഹചര്യമുണ്ടാകാം. അതുകൊണ്ടുതന്നെ അപാർ ഐഡിയ്ക്കായി ആധാർ എടുക്കുകയെന്നുളളത് പ്രായോഗികമല്ല. ഇനി ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് അപാർ ഐഡി നിർബന്ധമാക്കിയാല്‍ തന്നെ പാസ്പോർട്ടുപോലുളള മറ്റ് രേഖകള്‍ ഉപയോഗിച്ച് റജിസ്ട്രേഷന്‍ പൂർത്തിയാക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും സിബിഎസ്ഇ തീരുമാനമെടുക്കുക, രാജേന്ദ്രന്‍ പറയുന്നു.
സിബിഎസ്ഇ എന്നും വിദ്യാർഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്ന അതോറിറ്റിയാണ്. ഇവിടത്തെ സാഹചര്യങ്ങള്‍ കൃത്യമായും വ്യക്തമായും അറിയുന്നവരാണ് സിബിഎസ്ഇയുടെ തലപ്പത്ത് ഇരിക്കുന്നവർ. അതുകൊണ്ടുതന്നെ വിദ്യാർഥികള്‍ക്കോ മാതാപിതാക്കള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങളൊന്നും സിബിഎസ്ഇയില്‍ നിന്നുണ്ടാകില്ല, രാജേന്ദ്രന്‍ പറയുന്നു.
ഇന്ത്യയിലെ വിദ്യാർഥികള്‍ അപാർ ഐഡി എടുക്കണമെന്ന സർക്കുലർ സിബിഎസ്ഇ നല്‍കിയ സമയത്ത് തന്നെ ആധാർ ഐഡി ആവശ്യമായി വരുമെന്നുളള നിർദേശം വിദ്യാർഥികള്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കിയിരുന്നുവെന്ന് അബുദബിയിലെ ഇന്റർനാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. ബെനോ കുര്യന്‍ പറയുന്നു. മധ്യവേനല്‍ അവധിക്ക് മുന്‍പ് നിർദേശം നല്‍കിയിരുന്നതിനാല്‍, ആധാർ ഇല്ലാത്ത വിദ്യാർഥികള്‍ക്ക് അവധിസമയത്ത് നാട്ടിലെത്തി ആധാർ നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാന്‍ കഴിഞ്ഞു. യാതൊരുവിധ ആശങ്കകളുമില്ലാതെ പരീക്ഷയ്ക്ക് തയ്യാറാവുകയെന്നുളളത് മുന്‍നിർത്തിയാണ് അത്തരത്തിലൊരു നിർദേശം നല്‍കിയത്.
നിലവില്‍ റജിസ്ട്രേഷന്‍ പൂർത്തിയാക്കാന്‍ അപാർ ഐഡി വേണമെന്നുളള നിർദേശമാണ് അനൗദ്യോഗികമായി സിബിഎസ്ഇയില്‍ നിന്ന് ലഭിച്ചിട്ടുളളത്. ഇത്തവണ അബുദബിയിലെ ഇന്റർനാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായി തയ്യാറെടുക്കുന്നതില്‍ ഇന്ത്യന്‍ വിദ്യാർഥികള്‍ മാത്രമാണ് ഉളളത്. എന്നാല്‍ അടുത്തവർഷം വിവിധ രാജ്യങ്ങളില്‍ നിന്നുളളവർ പരീക്ഷയെഴുതാനായി തയ്യാറെടുക്കുന്നുണ്ട്. അവർക്ക് ആധാർ എടുക്കുക സാധ്യമല്ല. ഇക്കാര്യം സിബിഎസ്ഇയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉചിതമായ തീരുമാനം സിബിഎസ്ഇയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ബെനോ കുര്യന്‍ പറയുന്നു.
യുഎഇയില്‍ പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ റജിസ്ട്രേഷന്‍ നേരത്തെ തന്നെ സ്കൂളുകള്‍ പൂർത്തിയാക്കിയതാണ്. എന്നാല്‍ പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാർഥികളുടെ അന്തിമ ലിസ്റ്റിന്റെ ഡമ്മി പതിപ്പ് സിബിഎസ്ഇ സ്കൂളുകളിലേക്ക് അയക്കും. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ വിവരങ്ങളുടെ അവസാനവട്ട പരിശോധനകള്‍ പൂർത്തിയാക്കുകയെന്ന നടപടിക്രമത്തിന്റെ ഭാഗമായാണ് ഇത്.
സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളില്‍ ഇതും പൂർത്തിയാകും. ഈ സമയത്ത് അപാർ ഐഡി റജിസ്ട്രേഷന്‍ നടത്തണമെന്നത് നിർബന്ധമാക്കുകയാണെങ്കില്‍ ആധാർ അല്ലാതെ പാസ്പോർട്ട് ഉള്‍പ്പടെയുളള രേഖകള്‍ ഉപയോഗിച്ച് നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇളവ് നല്‍കണമെന്നതാണ് വിദ്യാർഥികളും മാതാപിതാക്കളും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
ഇന്ത്യയ്ക്ക് പുറത്ത് സിബിഎസ്ഇ പരീക്ഷയെഴുതുന്ന വിദ്യാർഥികള്‍ക്ക് അപാർ ഐഡി നിർബന്ധമാക്കുമോയെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ സിബിഎസ്ഇയില്‍ നിന്ന് വ്യക്തമായ മാർഗനിർദ്ദേശമുണ്ടായേക്കും.
Aadhaar mandatory for Apar ID; Expatriate students concerned