കണ്ണൂർ: (https://truevisionnews.com/) സിപിഐഎം മുന്‍ എംഎല്‍എ സികെപി പത്മനാഭന് കോണ്‍ഗ്രസിലേക്കെന്ന് സൂചന. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന് സികെപി പത്മനാഭനെ വീട്ടിലെത്തി കണ്ടതോടെയാണ് മുന്‍ സിപിഎം നേതാവ് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
സൗഹൃദ സന്ദർശനം ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നതെങ്കിലും കെ സുധാകരന് അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചതായും സൂചനയുണ്ട്.
2006 മുതൽ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും നിയമസഭയിൽ അംഗമായിരുന്ന സികെപി പത്മനാഭന് കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് കൂടിയായിരുന്നു.
കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കർഷക സംഘത്തിൻ്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് 2011 സെപ്റ്റംബർ 18ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
പിന്നീട് മാടായി ഏരിയ കമ്മറ്റിയിലേക്ക് തിരികെ എടുത്തെങ്കിലും 2024 ലെ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. കർഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് സംഘടനയുടെ അക്കൗണ്ടിൽ നിന്നു 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാർട്ടിയുടെ ആരോപണം.
എന്നാൽ ഇത്രയും വലിയ തുക ഒരിക്കലും താൻ കൈകാര്യം ചെയ്തിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി രേഖകളിൽ തന്റെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായതായി രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ശ്രദ്ധക്കുറവിന്റെ പേരിൽ നടപടിയെടുത്ത ചരിത്രം സിപിഎമ്മിലുണ്ടോയെന്നു ചോദിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
Former CPM MLA CKP Padmanabhan also joins Congress? Meeting with KSudhakaran




































