ദുബായ്:( https://gcc.truevisionnews.com/) ദുബായിൽ ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. അർജാനിൽ ബുധനാഴ്ച രാത്രിയുണ്ടായ 'ഹിറ്റ് ആൻഡ് റൺ' അപകടത്തിലാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്. 34 ആഴ്ച ഗർഭിണിയായിരുന്ന ആസ്തയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ഡോക്ടർമാർ അദ്ഭുതകരമായി രക്ഷപ്പെടുത്തി.
ദുബായ് അർജാനിലെ സെൻട്രൽ പാർക്കിന് സമീപം ഭർത്താവിനോടൊപ്പം നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൺവേ റോഡിലേക്ക് തെറ്റായ ദിശയിൽ പ്രവേശിച്ച കാർ പെട്ടെന്ന് പിന്നോട്ട് എടുക്കുകയും ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ആസ്തയെ മീറ്ററുകളോളം ദൂരേക്ക് കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ ഓടിച്ചുപോയി.
ആസ്തയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയോട്ടിക്ക് ഏറ്റ പരുക്ക്, ഇടുപ്പെല്ലിനുണ്ടായ ഒടിവ്, ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം എന്നിവ കാരണം ശസ്ത്രക്രിയക്ക് വിധേയയായി. താടിയെല്ലിനും പല്ലുകൾക്കും സാരമായ പരുക്കേറ്റതിനാൽ സംസാരിക്കാൻ പോലും പ്രയാസപ്പെടുകയാണ് ആസ്ത. തോളെല്ല് തെറിക്കുകയും കൈമുട്ടിന് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. യുഎഇ നിയമപ്രകാരം അപകടമുണ്ടാക്കി നിർത്താതെ പോകുന്നത് തടവുശിക്ഷയും പിഴയും ലൈസൻസ് റദ്ദാക്കലും ലഭിക്കാവുന്ന കുറ്റമാണ്.
Pregnant Indian journalist seriously injured in car accident in Dubai


































