ദോഹ: (gcc.truevisionnews.com) ദോഹ ഫോട്ടോഗ്രഫി അവാർഡ് സ്വന്തമാക്കി യു.എ.ഇയിലെ പ്രവാസി മലയാളി. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഫോട്ടോഗ്രാഫി സെന്റർ സംഘടിപ്പിച്ച ദോഹ ഫോട്ടോഗ്രഫി അവാർഡിൽ മൂന്നാം സ്ഥാനമാണ് കണ്ണൂർ പൊതുവാച്ചേരി സ്വദേശി ഷൈജിത്ത് ഓടൻചേരിയത്തിന് ലഭിച്ചത്. അദ്ദേഹത്തിന് 18 ലക്ഷം ഇന്ത്യൻ രൂപ അഥവ 75,000 ഖത്തർ റിയാൽ സമ്മാനമായി ലഭിക്കും.
ദോഹ ഫോട്ടോഗ്രഫി അവാർഡ്സിൽ ഇന്റർനാഷനൽ സ്റ്റോറി ടെല്ലിങ് ഫോട്ടോസ് സീരീസ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചത്. യു.എ.ഇയിലെ ഉമ്മുൽ ഖുവൈനിൽനിന്ന് പകർത്തിയ ‘സാൾട്ട് വാട്ടർ ഹീലിങ് റിച്വൽ’ ചിത്രങ്ങൾക്കാണ് അവാർഡ്.
ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി അവാർഡ് സമ്മാനിച്ചു. ഈ വിഭാഗത്തിൽ ഫലസ്തീൻ ഫോട്ടോഗ്രാഫർ അബ്ദുൽറഹ്മാൻ സകൗത്ത് ഒന്നാം സ്ഥാനവും ബഹ്റൈൻ ഫോട്ടോഗ്രാഫർ ഇസ്സ ഇബ്രാഹിം രണ്ടാം സ്ഥാനവും നേടി. ഇവർക്ക് യഥാക്രമം 1.5 ലക്ഷം, ഒരുലക്ഷം ഖത്തർ റിയാൽസ് സമ്മാനത്തുക ലഭിക്കും.
പ്രാദേശിക, അന്തർദേശീയ ഫോട്ടോഗ്രാഫർമാരുടെ സർഗാത്മക ഫോട്ടോഗ്രഫി കഴിവുകളെ വളർത്തുകയെന്ന ലക്ഷ്യവുമായാണ് ദോഹ ഫോട്ടോഗ്രാഫി അവാർഡ് ഏർപ്പെടുത്തിയത്. ദുബൈയിൽ സാന്റ് ബാങ്ക് മാർക്കറ്റിങ് വിഭാഗത്തിൽ മോഷൻ ഗ്രാഫിക്സ് ഡിസൈനറായാണ് ഷൈജിത്ത് ജോലി ചെയ്യുന്നത്.
നാഷനൽ ജിയോഗ്രാഫിക് ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലും പ്ലാറ്റ്ഫോമുകളിലും ഷൈജിത്തിന്റെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിന ഇന്റർനാഷനൽ ഫോട്ടോഗ്രാഫി അവാർഡ്, ദുബൈ ഹത്ത ‘ത്രൂ ദി ലെൻസ് ഓഫ് ലൈറ്റ്' വിഭാഗം -2025 തുടങ്ങി 50 ലധികം അവാർഡുകൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
Prize money of Rs 18 lakh Kannur born expatriate Malayali wins Doha Photography Award


































