ദോഹ: (https://gcc.truevisionnews.com/) വെറും ഒരു വയസ്സും എട്ട് മാസവും മാത്രം പ്രായമുള്ള ഖത്തറിലെ ഒരു കൊച്ചുമിടുക്കൻ 123 വസ്തുക്കളെ കൃത്യമായി തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. മാതാപിതാക്കളുടെ പേരുപോലും പഠിച്ചു വരുന്ന പ്രായത്തിൽ ഈ കുഞ്ഞ് കൈവരിച്ച അത്യപൂർവ നേട്ടം ശ്രദ്ധേയമായി. ഖത്തർ പ്രവാസികളായ അൻവർ - ഫാഇസ ദമ്പതികളുടെ മകനായ അഹ്മദ് അസ്യാൻ ആണ് ഈ റെക്കോർഡിന് അർഹനായത്.
വ്യത്യസ്ത തരം വസ്തുക്കൾ, മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 123 ഇനങ്ങൾ കൃത്യമായി മനസ്സിലാക്കി പേരെടുത്ത് പറയുന്നതിലൂടെയാണ് അഹ്മദ് അസ്യാൻ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഖത്തറിൽ നിന്നുകൊണ്ട് ഇന്ത്യൻ റെക്കോർഡ് നേട്ടം കൈവരിച്ച ഈ കൊച്ചുപ്രതിഭയുടെ ഓർമ്മശക്തിയും തിരിച്ചറിയാനുള്ള കഴിവും ഏവരെയും അമ്പരപ്പിക്കുകയാണ്.
ഖത്തറിലെ അൽഖോറിൽ താമസമാക്കിയ ആലപ്പുഴ സ്വദേശികളായ ഇവർ കൗതുകത്തിന്റെ പുറത്താണ് കുട്ടിയെ ഓരോ വസ്തുക്കളുടെയും പേരുകൾ പറഞ്ഞ് പഠിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് കുഞ്ഞ് അസിയാൻതന്നെ ഓരോ വസ്തുക്കൾ കാണുമ്പോഴും അവ തിരിച്ചറിയാനും അവയുടെ പേര് എടുത്ത് പറയാനും തുടങ്ങി. ഇത് ശ്രദ്ധയിൽപെട്ടത്തോടെ ദൃശ്യങ്ങൾ പകർത്തി റെക്കോഡ്സിലേക്ക് അയക്കുകയായിരുന്നു.
40 വിഭിന്നമായ വസ്തുക്കൾ, 20 ഓളം മൃഗങ്ങൾ, 16 ശരീരഭാഗങ്ങൾ, 13 വാഹനങ്ങൾ, 10 കൂട്ടം പഴങ്ങൾ, 9 പക്ഷികൾ, അങ്ങനെ 123 വസ്തുക്കളെ കുഞ്ഞ് അസിയാന് പേര് എടുത്ത് പറയാനും തിരിച്ചറിയാനും സാധിക്കും. ആഴ്ചയിലെ ദിവസങ്ങളും അക്കങ്ങളും കാണാപ്പാഠം അറിയാം ഈ വിരുതന്. ഫ്ലൈയിങ് കിസും കൈവീശി കാണിക്കാനും തുടങ്ങി 10 ഓളം ചേഷ്ടകളും കാണിക്കും.
ചെറുപ്രായത്തിൽതന്നെ ഇവയെല്ലാം ഓർത്തുവെക്കുകയും പറയുകയും ചെയ്യുന്ന അസിയാനെ തേടി നേട്ടങ്ങൾ എത്തിയില്ലെങ്കിലേ അത്ഭതപ്പെടാനുള്ളൂ. കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതും റെക്കോഡിലേക്ക് അയച്ചതുമൊന്നും ആരോടും പറഞ്ഞതുമില്ല. എന്നാൽ, നാട്ടിലെ മേൽവിലാസത്തിലേക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ കൊറിയർ എത്തിയപ്പോഴാണ് കുടുംബക്കാരും ഞെട്ടിയത്. മെഡലും സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച കാർഡുമെല്ലാം കണ്ടതോടെ നാട്ടിലുള്ളവർക്കും സന്തോഷമായി. തനിക്ക് കിട്ടിയ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് കാണാൻ നവംബറിൽ നാട്ടിലേക്ക് പോകാൻ ഇരിക്കുകയാണ് ഈ കൊച്ചുതാരം.
Amazing one and a half year old boy recognizes 123 objects and enters India Book of Records




































