---
title: "മഴ മുന്നറിയിപ്പ്: യുഎഇയിൽ കനത്ത മഴക്കും കാറ്റിനും സാധ്യത, ജാഗ്രത നിർദ്ദേശം"
english_title: "Rain warning, heavy rain in UAE, caution advised"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/331101/rain-warning-heavy-rain-in-uae-caution-advised"
published_at: "2025-12-14T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e84d8d1067_rain.jpg"
keywords: []
---

# മഴ മുന്നറിയിപ്പ്: യുഎഇയിൽ കനത്ത മഴക്കും കാറ്റിനും സാധ്യത, ജാഗ്രത നിർദ്ദേശം

> **Lead Summary:** **അബുദാബി: **യുഎഇയിൽ മഴ മുന്നറിയിപ്പ്. ഈ ആഴ്ച നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ മഴ ശക്തമായേക്കാം. ഡിസംബർ 13 ശനിയാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ അബുദാബിയുടെയും മറ്റ് എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

## Article Content

**അബുദാബി: **യുഎഇയിൽ മഴ മുന്നറിയിപ്പ്. ഈ ആഴ്ച നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ മഴ ശക്തമായേക്കാം. ഡിസംബർ 13 ശനിയാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ അബുദാബിയുടെയും മറ്റ് എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അബുദാബിയിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും സമീപ ദ്വീപുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ഐനിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

അൽ ദഫ്‌റ മേഖലയിൽ ഇടവിട്ടുള്ള മഴയും ആഴ്ചയുടെ അവസാനത്തോടെ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തീരദേശ-വടക്കൻ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില അൽപ്പം കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറിയേക്കാം. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയാകാനും ചിലപ്പോൾ 45 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്, ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/331101/rain-warning-heavy-rain-in-uae-caution-advised)