കുവൈത്ത് സിറ്റി: (gcc.truevisionnews.com) കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിലെത്തി. വ്യാഴാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുവൈത്ത് എയർ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിലെത്തിയത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈത്ത് ഭാരവാഹികളും ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകി.
ഇന്ന് കുവൈത്ത് സർക്കാർ പ്രതിനിധികളുമായുള്ള പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. നാളെ വൈകീട്ട് 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും.
28 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്. ഭരണ നേട്ടം വിശദീകരിക്കുക, തുടർ ഭരണം എങ്ങനെ നേട്ടമായി എന്ന് വിവരിക്കുക, പുതുതായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ ഒന്നൊന്നായി പ്രവാസികളിൽ എത്തിക്കുക, ഇതായിരുന്നു ബഹ്‌റൈനിലും ഒമാനിലും ഖത്തറിലും പൊതു സമ്മേളനത്തിൽ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി സ്വീകരിച്ച രീതി.
കുവൈത്തിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചിരുന്നു.
Chief Minister Pinarayivijayan Kuwait




























