മസ്കത്ത്: (gcc.truevisionnews.com) ഇന്ത്യൻ സ്കൂൾ മസ്കത്തിലെ ട്യൂഷൻ ഫീസ് വർധിപ്പിച്ച് സർക്കുലർ പുറത്തിറക്കി. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കെ.ജി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലെയും മാസ ഫീസിൽ രണ്ടു റിയാൽ വർധനവാണ് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്.എം.സി) അറിയിച്ചിരിക്കുന്നത്.
സ്കൂളിന്റെ പ്രവർത്തനപരമായ ആവശ്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സ്കൂൾ പ്രിൻസിപ്പൽ രാകേഷ് ജോഷി അറിയിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അംഗീകാരത്തോടെയാണ് ഈ പരിഷ്കാരം നടപ്പാക്കുന്നതെന്നും പ്രിൻസിപ്പൽ രക്ഷിതാക്കൾക്ക് അയച്ച നോട്ടീസിൽ വ്യക്തമാക്കി. കെ.ജി ഒന്നു മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിഭാഗങ്ങളിലെ ഫീസ് ഘടന മുൻ ക്ലാസുകളിലേതിന് തുല്യമായി ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം,
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന രക്ഷിതാക്കൾക്കായി നൽകിവരുന്ന ഫീസ് ഇളവുകളിൽ വർധനവ് വരുത്താൻ തീരുമാനമായിട്ടുണ്ട്. അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിനായി ഇളവ് നൽകുന്നതിനുള്ള പരിധി ഉയർത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. അതേസമയം, ഫീസ് വർധനക്കെതിരെ രക്ഷിതാക്കളിൽനിന്ന് പ്രതിഷേധമുയരുന്നുണ്ട്.
Indian School Muscat increases student fees

































