മസ്‌കത്ത്:(gcc.truevisionnews.com) ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിനെത്തിയ ചില ഡ്രോണുകളെ സുരക്ഷാ സേന തകർത്തുവെങ്കിലും ഏതാനും ഡ്രോണുകൾ ഇന്ധന ശേഖരണ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നുവെന്ന് ഒമാൻ വാർത്താ ഏജൻസി വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി അധികൃതർ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ കർശനമായി നേരിടുമെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
തുറമുഖത്തെ ആക്രമണത്തിന് തൊട്ടുമുമ്പായി ഒമാൻ തീരത്ത് തായ്‌ലൻഡിൽ നിന്നുള്ള കാർഗോ കപ്പലിന് നേരെയും ആക്രമണം നടന്നു. തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ 'മയൂരീ നാരീ' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് എൻജിൻ റൂമിൽ തീപിടിത്തമുണ്ടായ കപ്പലിലെ 20 ജീവനക്കാരെയും ഒമാൻ റോയൽ നാവികസേന സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റ ജീവനക്കാരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Drone attack at Salalah port; fuel tanks damaged, Oman tightens security
































