ദുബൈ: (gcc.truevisionnews.com) മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്ക് നൽകിവരുന്ന അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൽ യുഎഇ മാറ്റം വരുത്തി. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും ഭീഷണി ഒഴിവായാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും നിർദ്ദേശിക്കുന്നതിനാണ് ഉയർന്ന ശബ്ദത്തോടു കൂടിയ പ്രത്യേക മുന്നറിയിപ്പ് സംവിധാനം നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി സജ്ജീകരിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനരീതിയിലാണ് ഇപ്പോൾ പരിഷ്കാരം വരുത്തിയിരിക്കുന്നത്.
ആക്രമണ ഭീഷണിയുള്ള സമയങ്ങളിലും അതൊഴിവാകുമ്പോഴും ഉച്ചത്തിലുള്ള ശബ്ദത്തോട് കൂടിയായിരുന്നു സന്ദേശങ്ങൾ വന്നിരുന്നത്. ഇനി മുതൽ അതുണ്ടാവില്ല. ആക്രമണ ഭീഷണി നേരിടുമ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെടുന്ന സന്ദേശത്തോടൊപ്പം മാത്രമായിരിക്കും ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാവുക. ഭീഷണി ഒഴിഞ്ഞാൽ അറിയിപ്പിനൊപ്പം സ്റ്റാഡേർഡ് ടെക്സ്റ്റ് മെസേജ് ടോണായ ബീപ് ശബ്ദം മാത്രമായിരിക്കും ഉണ്ടാവുക.
രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെ മുന്നറിയിപ്പിനായി നിലവിലുള്ള ഉയർന്ന ടോണും മുന്നറിയിപ്പ് അവസാനിച്ചാൽ സ്റ്റാൻഡേർഡ് ടെക്സ് മെസേജ് ടോണും ആയിരിക്കും ലഭിക്കുക. രാത്രി 10.30 മുതൽ രാവിലെ ഒമ്പതുവരെ രണ്ട് സന്ദേശങ്ങൾക്കുമൊപ്പം സ്റ്റാൻഡേർഡ് മെസേജ് ടോൺ ആയിരിക്കും ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.
Major change in emergency messages in the UAE; phones will no longer ring at night!

































