കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് വ്യോമാതിർത്തി അടച്ചതിനാൽ സൗദി വഴിയുള്ള യാത്ര തെരഞ്ഞെടുത്ത് കുവൈത്ത് യാത്രക്കാർ. സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കരമാർഗം കുവൈത്തിലേക്ക് എത്താനും തിരിച്ചുപോകാനും വിമാന കമ്പനികൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യോമാതിർത്തി അടച്ചിടൽ മൂലം ബുദ്ധിമുട്ടുന്ന അത്യാവശ്യ യാത്രക്കാർക്ക് പ്രായോഗികമായ ഒരു പരിഹാരമാണ് കരമാർഗമുള്ള യാത്ര.
വിവിധ രാജ്യങ്ങളിൽ കുരുങ്ങികിടക്കുന്ന സ്വദേശികളെ തിരികെ എത്തിക്കാൻ കുവൈത്ത് എയർവേയ്സ് സൗദി വഴി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ജസീറ എയർവേയ്സ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഹഫർ അൽ ബാത്തിനിലെ ഖൈസുമ വിമാനത്താവളത്തിൽ നിന്ന് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം. ഇതിന് കുവൈത്തിൽ നിന്ന് റോഡുമാർഗം വിമാനത്താവളത്തിൽ എത്തണം.
സൗദി അറേബ്യ 72 മണിക്കൂർ വരെ സാധുതയുള്ള ട്രാൻസിറ്റ് വിസകൾ നൽകുന്നുണ്ട്. ഇത് യാത്രക്കാർക്ക് സൗദി വഴി കടന്നുപോകുന്നത് എളുപ്പമാക്കും. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് വിമാനത്താവളത്തിലേക്ക് കരമാർഗം മണിക്കൂറുകൾ യാത്ര വേണ്ടിവരും.
ഖൈസുമ വിമാനത്താവളത്തിലേക്ക് കുവൈത്തിൽ നിന്ന് 3-4 മണിക്കൂർ എടുക്കും. തിർത്തിയിലെ പരിശോധന നടപടിക്രമങ്ങൾക്കും സമയം കണക്കാക്കണം. കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ട്, വിമാന ടിക്കറ്റ്, സൗദി ട്രാൻസിറ്റ് വിസ കുവൈത്തിൽ നിന്ന് പോകുന്നവർ എക്സിറ്റ് പെർമിറ്റ് എന്നിവ കരുതണം. ഫെബ്രുവരി 28ന് യു.എസ്-ഇറാൻ സംഘർഷങ്ങൾക്ക് പിറകെയാണ് സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചത്.
ഇതോടെ കുവൈത്തിൽ നിന്ന് പുറത്തുപോയവരും കുവൈത്തിൽ സന്ദർശനത്തിന് എത്തിയവരും വിവിധ രാജ്യങ്ങളിലായി കുടുങ്ങി. മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലും കുവൈത്തിലുമായി കുടുങ്ങികിടക്കുകയാണ്. വൈകാതെ സംഘർഷങ്ങൾ അവസാനിക്കുമെന്നും വിമാന സർവീസ് പുനരാരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.
kuwaiti pilgrims choose saudi route to travel after air border closure




























