മനാമ: (gcc.truevisionnews.com) തൊഴിലുടമ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. ഇത്യോപ്യൻ സ്വദേശിനിയായ 39കാരിക്കാണ് കോടതി കടുത്ത ശിക്ഷിച്ചത്.
നിയമപരമല്ലാത്ത മാർഗത്തിലൂടെ മറ്റൊരാളുടെ ഓൺലൈൻ ബാങ്കിങ് സംവിധാനത്തിൽ പ്രവേശിച്ച് വഞ്ചനയിലൂടെ പണം തട്ടിയതിനാണ് ശിക്ഷ. തടവുശിക്ഷ പൂർത്തിയാക്കിയശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ, 1,000 ദിനാർ പിഴയും ഒടുക്കണം.
തൊഴിലുടമയായ 62കാരി ബഹ്റൈൻ വനിത ആശുപത്രിയിൽ പോയ അവസരത്തിലാണ് വീട്ടുജോലിക്കാരി അവരുടെ ബെനിഫിറ്റ് പേ ആപ് വഴി പണം കൈമാറ്റം ചെയ്തത്. തൊഴിലുടമയുടെ ഫോൺ പിൻ നമ്പറും അക്കൗണ്ട് വിവരങ്ങളും പ്രതി നേരത്തേ മനസ്സിലാക്കിവെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് തവണകളിലായി ആകെ 778 ദീനാർ നഷ്ടപ്പെട്ടതായി മനസ്സിലായത്. റസിഡൻസി ഫീസ് അടക്കുന്നതിന് വേണ്ടിയാണ് പണം എടുത്തതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു.
Housemaid sentenced to prison and fine in Bahrain for stealing money from employer's account