ദുബൈ: (gcc.truevisionnews.com) ചൊവ്വാഴ്ച മുതൽ രാജ്യത്ത് കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം). കടുത്ത വേനലിൽനിന്ന് ശൈത്യകാലത്തേക്ക് കടക്കുന്നതിനിടയിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് വരുംദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ദുബൈ, അൽഐൻ, അബൂദബി എമിറേറ്റുകൾ ഉൾപ്പെടെ യു.എ.ഇയിലുടനീളം സംവഹന മേഘങ്ങൾ രൂപപ്പെടുകയും ശക്തമായ മഴ ലഭിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ ആലിപ്പഴം വീഴാനും ഇടയാക്കും. ശൈത്യകാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് കാലാവസ്ഥ മാറ്റം പ്രകടമാണ്. ചില എമിറേറ്റുകളിൽ ശക്തവും മിതമായതുമായ മഴ ലഭിച്ചിരുന്നു. ഉപരിതലത്തിലെ ന്യൂനമർദം മുകളിലെ വായുവുമായി കൂടിച്ചേരുന്നത് ചൂടു കുറയാൻ കാരണമായി. ഇത് മഴ മേഘങ്ങൾ രൂപവത്കരിക്കുന്നതിനും അസ്ഥിര കാലാവസ്ഥക്കും ഇടയാക്കുന്നതായും എൻ.സി.എം അറിയിച്ചു.
ചൊവ്വാഴ്ച മുതൽ തെക്ക് കിഴക്ക് ഭാഗങ്ങളിൽ മഴ ലഭിക്കും. ഒരാഴ്ച മുമ്പ് അറേബ്യൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം മേഖലയിൽ കാലാവസ്ഥ മാറ്റത്തിന് വഴിവെച്ചിട്ടുണ്ട്. രാവിലെ മുതൽ മേഘങ്ങൾക്കും ഈർപ്പം ഉയരുന്നതിനും കാരണമായി. തെക്ക്, കിഴക്ക് പർവത മേഖലകളിൽ ചില നേരങ്ങളിൽ ശക്തമായ മഴയിലേക്കും ഇത് നയിക്കുമെന്ന് എൻ.സി.എം കാലാവസ്ഥ നിരീക്ഷകൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. ഡിസംബർ 21 മുതൽ രാജ്യത്ത് ശൈത്യകാലത്തിന് തുടക്കമാകും. എങ്കിലും ഇതിനകം അസ്ഥിരകാലാവസ്ഥ പ്രകടമാണ്. പകൽ സമയങ്ങളിൽ മേഘങ്ങളുടെ സാന്നിധ്യം വർധിച്ചു. രാത്രിസമയങ്ങളിൽ താപനില മിതമായി തുടരുകയും ചെയ്യുന്നു.
More rain in Dubai during monsoon Winter season from December 21