ജിസാൻ: ( gcc.truevisionnews.com ) സൗദി അറേബ്യയിലെ ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണൻ- അംബിക ഗോവിന്ദൻ ദമ്പതികളുടെ മകൻ നിഖിൽ മണിയനാണ് (35) മരിച്ചത്.
രക്തസമ്മർദ്ദം കൂടുതലായി താമസസ്ഥലത്ത് കുഴഞ്ഞുവീണ നിഖിലിനെ കഴിഞ്ഞ മാസം 29ന് അബുഅരീഷ് കിങ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. തലച്ചോറിനുള്ളിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിനും രക്തക്കട്ട നീക്കം ചെയ്യുന്നതിനുമായി തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം നിഖിലിനെ ഈ മാസം 5–നാണ് സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസമെടുത്ത സി.ടി സ്‌കാൻ റിപ്പോർട്ടിൽ നേരിയ മാറ്റം കണ്ടതിനെ തുടർന്ന് കൂടുതൽ ചികിത്സകൾക്കായി വീണ്ടും അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെ ആരോഗ്യനില വഷളാവുകയും ഇന്നു രാവിലെ 7 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
നാട്ടിൽ നിന്ന് പുതിയ വീസയിൽ ആറു മാസം മുമ്പാണ് ജിസാൻ അബൂഅരീഷിലെ റസ്റ്ററന്റിൽ ഷെഫായി നിഖിൽ ജോലിക്കെത്തിയത്. ഹോട്ടൽ മാനേജ്‌മെൻറ് ബിരുദധാരിയായ നിഖിൽ എട്ട് വർഷത്തോളം കുവൈത്തിലും ജോലി ചെയ്തിരുന്നു. ഭാര്യ- ലക്ഷ്‌മി. മകൾ നിഹാരിക.
A Malayali youth died after collapsing at his residence in Saudi Arabia.

































