കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കടുത്ത വേനൽക്കാലം അവസാനിച്ചെങ്കിലും രാജ്യത്ത് മഴയെത്തുന്നത് വൈകുകയാണ്. വ്യാഴാഴ്ച മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നെങ്കിലും ലഭിച്ചില്ല.
അടുത്ത ദിവസങ്ങളിലും രാജ്യത്ത് മിതമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയങ്ങളിൽ ചൂടുള്ള താപനിലയും രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥയും അനുഭവപ്പെടും. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള വിപുലീകൃത ഉയർന്ന മർദ്ദ സംവിധാനത്തിൻ്റെ സ്വാധീനമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. ഇത് ചൂടുള്ളതും വരണ്ടതുമായ വായുവിനും മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും കാരണമാകും. ഈ കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കാനും ഉയർന്ന തിരമാലകൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനില 36°C മുതൽ 38°C വരെ പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ എട്ടു മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. കടൽ നേരിയതോ മിതമായതോ ആയിരിക്കും. രാത്രിയിൽ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ശനിയാഴ്ച പകൽ ചൂട് കൂടുതലായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശും.
തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. പരമാവധി താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയിരിക്കും. ശനിയാഴ്ച രാത്രി താപനില 21 നും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും.
Rain on 'waiting list'; Moderate temperatures and dust storms to continue in Kuwait City