കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തെ വിസ നിയമങ്ങൾ ഉദാരമാക്കിയതോടെ കുവൈത്തിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. അടുത്തിടെ ആരംഭിച്ച ‘കുവൈത്ത് വിസ’ പ്ലാറ്റ്ഫോം വഴി ഇതുവരെ 2.35 ലക്ഷം സന്ദർശന വിസകൾ വിതരണം ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് പുതിയ ഓൺലൈൻ വിസ പ്ലാറ്റ്ഫോമായ ‘കുവൈത്ത് വിസ’ക്ക് തുടക്കമിട്ടത്. വിസ നടപടികൾ ലളിതമാക്കിയതും വിതരണം കാര്യക്ഷമമാക്കിയതുമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവിന് പ്രധാന കാരണം.
നിയന്ത്രണങ്ങൾ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും നിലവിൽ ‘കുവൈത്ത് വിസ’ പ്ലാറ്റ്ഫോം വഴി സന്ദർശന വിസക്ക് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ഗവര്‍ണ്ണറേറ്റിലെ ഇമിഗ്രേഷൻ വകുപ്പും ദിവസേന ഏകദേശം 1,000 സന്ദർശ വിസകൾ അംഗീകരിക്കുന്നുണ്ട്. ആറു ഗവർണറേറ്റുകളിലായി 6000 വിസകൾ ഇത്തരത്തിൽ അനുവദിക്കുന്നുണ്ട്. സന്ദർശകർക്ക് ടൂറിസ്റ്റ്, ബിസിനസ്, ഫാമിലി തുടങ്ങിയ വിസകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ടൂറിസ്റ്റ്, ഫാമിലി, ഗവൺമെന്റ്, ബിസിനസ് വിസകൾക്കായി ‘കുവൈത്ത് ഇ-വിസ’ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. എന്നാൽ ജി.സി.സി നിവാസികളിൽ മാനേജർമാർ, ഡോക്ടർമാർ തുടങ്ങിയ പ്രത്യേക തൊഴിൽ വിഭാഗങ്ങൾക്കു മാത്രമേ ഓൺ അറൈവൽ വിസ ലഭിക്കുകയുള്ളൂ. വിസ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത നടപടിയുണ്ടാകുമെന്നും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
A surge in the number of foreign visitors; Visa procedures will now be carried out through the 'Kuwait Visa' platform