കുവൈത്ത് സിറ്റി: (gcc.truevisionnews.com) ജലീബ് അൽ ഷുയൂഖിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന വ്യാജ പെർഫ്യൂം നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര, പ്രാദേശിക പെർഫ്യൂം ബ്രാൻഡുകളുടെ വ്യാജ നിർമ്മാണവും സംഭരണവും ഇവിടെ നടന്നിരുന്നതായി പരിശോധനയിൽ കണ്ടെത്തി. റെയ്ഡിൽ 15,000-ത്തിലധികം വ്യാജ പെർഫ്യൂം ബോക്സുകളും 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വൻതോതിലുള്ള ഉൽപ്പാദനത്തിനായി നിയമവിരുദ്ധമായി സ്ഥാപിച്ച ഫാക്ടറി അധികൃതർ സീൽ ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ഏകോപനത്തിലായിരുന്നു പരിശോധന. പിടികൂടിയ വസ്തുക്കളും അറസ്റ്റിലായ പ്രതികളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വാണിജ്യ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന അടിയന്തര നമ്പറിലോ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴിയോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Fake perfume manufacturing facility sealed in Jleeb Al Shuyouq, three expatriates arrested