അബുദാബി :(gcc.truevisionnews.com) നവജാതശിശുക്കളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നേരത്തെ ചികിത്സ നൽകുന്നത് ലക്ഷ്യമിട്ട് അബുദാബിയിൽ ജനിതക പരിശോധനാ പദ്ധതി തുടക്കമിട്ടു .അബുദാബി ആരോഗ്യ വകുപ്പും ഇമറാത്തി ജീനോം കൗൺസിലും ചേർന്നാണ് നവജാതശിശു ജനിതക സ്ക്രീനിങ് പ്രോഗ്രാം ആരംഭിച്ചത്.
മാതാപിതാക്കളുടെ സമ്മതത്തോടെ ജനനസമയത്ത് പൊക്കിൾക്കൊടി നിന്നും രക്ത സാംപിളുകൾ ശേഖരിച്ചായിരിക്കും പരിശോധന . 21 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. ജനനസമയത്ത് പ്രകടമല്ലാത്തതും എന്നാൽ ചികിത്സ വൈകിയാൽ കുട്ടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും .
മെറ്റബോളിക് ഡിസോർഡേഴ്സ്, ഇമ്മ്യൂണോ ഡെഫിഷ്യൻസി, ഹെമറ്റോളജിക് അവസ്ഥ എന്നിവ ഉൾപ്പെടെയുള്ള രോഗാവസ്ഥകളും ജീൻ തെറപ്പി ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്ന സ്പൈനൽ മസ്കുലർ അട്രോഫി പോലുള്ള അപൂർവ രോഗങ്ങളും തിരിച്ചറിയാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട് .രോഗലക്ഷണങ്ങൾ കാണുന്നതിന് വളരെ മുൻപു തന്നെ ആരോഗ്യ പരിരക്ഷ ആരംഭിക്കുന്നുണ്ടെന്നും ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് മുൻപത്തേക്കാളും നേരത്തെ പ്രവർത്തിക്കാൻ കഴിയുമെന്നും അബുദാബി ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ അൽ ഗൈതി പറഞ്ഞു.
നേരത്തെയുള്ള കണ്ടെത്തൽ, വ്യക്തിഗത പരിചരണം, തന്ത്രപരമായ ആസൂത്രണം എന്നിവയിലൂടെ ആരോഗ്യകരമായ തലമുറകളുടെ ഭാവി കെട്ടിപ്പടുതൻ സാധിക്കും . കൃത്യവും വ്യക്തവും ഫലപ്രദവുമായ ആരോഗ്യ പരിപാലനത്തിൽ അബുദാബിയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. നിലവിൽ 815 പേരുടെ പരിശോധന നടത്താനാണ് സംവിധാനമുള്ളത്. കനദ് ഹോസ്പിറ്റൽ, ദനത്ത് അൽ ഇമറാത്ത് ഹോസ്പിറ്റൽ, എം 42 കമ്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക.
പദ്ധതി വ്യാപിപ്പിക്കും
ഭാവിയിൽ അബുദാബിയിലെ എല്ലാ പ്രസവാശുപത്രികളിലും സംരംഭം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് ജീനോം ആൻഡ് ബയോ ബാങ്ക് ഡിവിഷൻ ആക്ടിങ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ അമെരി പറഞ്ഞു. കോർണിഷ് ഹോസ്പിറ്റൽ, ദനത്ത് അൽ ഇമറാത്ത്, കനദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ശിശുരോഗ വിദഗ്ധർക്കും നിയോ നേറ്റോളജിസ്റ്റുകൾക്കും ജനിതക കൗൺസലിങ് സമ്പ്രദായങ്ങളെക്കുറിച്ചും നവജാതശിശു ജനിതക പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും പരിശീലനം നൽകുന്നതിനും വകുപ്പ് എം 42 വുമായി സഹകരിച്ചു പ്രവർത്തിക്കും.
ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, സമയബന്ധിതമായ ഇടപെടൽ സാധ്യമാക്കുക, സുപ്രധാന ആരോഗ്യ വിവരങ്ങൾ ഉപയോഗിച്ച് കുടുംബങ്ങളെ ശാക്തീകരിക്കുക, വരും തലമുറകൾക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ.
Abu Dhabi to detect and treat future diseases in newborns