മസ്ക്കത്ത് : (gcc.truevisionnews.com) വിദ്യാർഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കി വേണം സ്കൂൾ ബാഗുകൾ തിരഞ്ഞെടുക്കാനെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. സ്കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് വിദ്യാർഥികളുടെ ബാഗ് ഉപയോഗത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. ഗുണനിലവാരം കുറഞ്ഞതും അമിത ഭാരവുമുള്ള സ്കൂൾ ബാഗുകൾ കുട്ടികളുടെ ആരോഗ്യനില തകരാറിലാക്കും. പ്രത്യേകിച്ചും നട്ടെല്ലിനും തോളിനും വേദനയ്ക്ക് കാരണമാകുമെന്നും നിർദേശത്തിൽ പറയുന്നു. സ്കൂൾ ബാഗുകൾ തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ നിർദേശിച്ചു.
സ്കൂൾ ബാഗ് സംബന്ധിച്ച നിർദേശങ്ങൾ
∙ ഭാരം കുറഞ്ഞവ ആയിരിക്കണം. തുണി കൊണ്ട് നിർമിച്ചവ ആണെങ്കിൽ ഉചിതം.
∙ വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളോടു കൂടിയ കട്ടിയുള്ള എന്നാൽ ഫ്ളെക്സിബിൾ ആയ ബാക്ക് സപ്പോർട്ട് ഉണ്ടായിരിക്കണം.
∙ ബാഗിൽ ഒന്നിലധികം അറകളുണ്ടെങ്കിൽ പുസ്തകങ്ങൾ പലയിടത്തായി വയ്ക്കാം. ബാഗിനുള്ളിലെ ഭാരം തുല്യമാക്കുന്നത് നടുവ് വേദന ഒഴിവാക്കാൻ സഹായിക്കും.
∙ വിസ്തൃതിയുള്ളതും ക്രമീകരിക്കാൻ കഴിയുന്നതും പാഡ് ഉള്ളതുമായ ഷോൾഡർ സ്ട്രാപ്പുകൾ ഉപയോഗിക്കുന്നത് തോളിന് ഉണ്ടാകുന്ന അമിത സമ്മർദം കുറയ്ക്കും.
∙ ബാഗിന്റെ വലുപ്പം വിദ്യാർഥിയുടെ ഭാരത്തിൽ കൂടുതൽ ആകാൻ പാടില്ല. ബാഗിന്റെ താഴത്തെ ഭാഗം അരക്കെട്ടിന് 5 സെന്റിമീറ്റർ മുകളിൽ ആയിരിക്കണം.
∙ അരക്കെട്ടിൽ ക്രമീകരിക്കാവുന്ന ബൽറ്റ് ഉണ്ടെങ്കിൽ ബാഗിന്റെ ഭാരം ശരീരത്തിൽ മുഴുവനായും ലഭിക്കും.
School bags should not be too heavy students safety should be ensured Oman issues directive