ദുബായ്: (gcc.truevisionnews.com)യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഒരു ദിർഹമിന് 24 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് വിനിമയമൂല്യം ഉയർന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് വലിയ നേട്ടമാണ് നൽകുന്നത്. യുഎസ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതാണ് രൂപയുടെ ഈ മൂല്യത്തകർച്ചക്ക് പ്രധാന കാരണം.
ഗൾഫിലെ പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ വരുമാനം നാട്ടിലേക്ക് അയയ്ക്കുമ്പോൾ കൂടുതൽ തുക ലഭിക്കും. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയയ്ക്കുന്നതിലൂടെ പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ തുക എത്തിക്കാൻ കഴിയും.
കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിലെത്തിയ രൂപയുടെ മൂല്യം ഇതാദ്യമായാണ് 24 എന്ന നിലയിലേക്ക് എത്തുന്നത്. നിലവിൽ പ്രമുഖ പണമിടപാട് സ്ഥാപനങ്ങൾ ഒരു ദിർഹത്തിന് 23.95 മുതൽ 24 രൂപ വരെ നൽകുന്നുണ്ട്. അതേസമയം, ബാങ്കുകൾ 23.81 രൂപ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സൗദിയിൽ റിയാലിന് 23.51 രൂപയും ഖത്തറിൽ 24.21 രൂപയും ലഭിക്കുന്നുണ്ട്.
യുഎസ് ഏർപ്പെടുത്തിയ പുതിയ തീരുവയാണ് രൂപയുടെ മൂല്യമിടിഞ്ഞതിനുള്ള പ്രധാന കാരണം. ഇതിനുപുറമെ, ചൈനീസ് കറൻസി യുവാനെതിരെയും രൂപയുടെ മൂല്യം ദുർബലമായിട്ടുണ്ട്. ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിലെ കുറവും യുഎസ് ട്രഷറി വരുമാനം ഉയർന്നതും ഇന്ത്യൻ ഓഹരികളോടുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറച്ചു. ഇതും രൂപയുടെ മൂല്യമിടിയാൻ കാരണമായി.
ഡോളറിനെതിരെ 88 എന്ന നിരക്ക് കടന്ന രൂപ, ഒരു ഡോളറിന് 88.31 എന്ന നിലയിലേക്കെത്തിയ ശേഷമാണ് 88.2 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.
Don't miss the opportunity! Rupee's value has fallen, a golden opportunity to send money home