കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്തെ താപനില കുറയാൻ തുടങ്ങുന്നതോടെ അടുത്ത ആഴ്ച മുതൽ കനത്ത ചൂടിൽനിന്ന് നേരിയ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷ. വായു പിണ്ഡത്തിലെ മാറ്റങ്ങൾ വരും ദിവസങ്ങളിൽ താപനില കുറക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.അടുത്ത പത്ത് ദിവസത്തേക്ക് മിതമായ വേനൽക്കാല കാലാവസ്ഥയായിരിക്കുമെന്ന് പ്രാരംഭ സൂചനകൾ സൂചിപ്പിക്കുന്നു. അതിരാവിലെയുള്ള പ്രഭാതങ്ങൾ സുഖകരമായിരിക്കും. ഉച്ച മുതൽ താപനില ഉയരുമെന്നും അൽ ഖരാവി വ്യക്തമാക്കി. പടിഞ്ഞാറൻ മരുഭൂമി പ്രദേശങ്ങളിൽ നേരിയ പൊടി മാത്രമേ ഉണ്ടാകൂ എന്നതിനാൽ അടുത്ത ദിവസങ്ങളിൽ പൊടിയുടെ അളവ് കുറവായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഈ വേനൽക്കാലം അസാധാരണമായിരുന്നെന്നും വൈകിയുള്ള തുടക്കം, പൊടി നിറഞ്ഞ ദിവസങ്ങൾ, മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചൂട് എന്നിവ അനഭവപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ ഡേറ്റയെ അടിസ്ഥാനമാക്കി തണുത്തതും മഴയുള്ളതുമായ ശൈത്യകാലം പ്രതീക്ഷിക്കുന്നു. എന്നാൽ, കാലാവസ്ഥ സംവിധാനങ്ങൾ വികസിക്കുന്നതിനനുസരിച്ച് പ്രവചനങ്ങൾ മാറിയേക്കാമെന്നും അറിയിച്ചു. അതേസമയം, ഈ ആഴ്ച തീരപ്രദേശങ്ങളിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുന്നത് തുടരും. സെപ്റ്റംബറോടെ രാത്രി സമയങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും.
കുറച്ചു ദിവസങ്ങൾ കൂടി കനത്ത ചൂടും ഈർപ്പവും തുടരുന്നതിനാൽ ഇവക്കെതിരെ മുൻകരുതലുകൾ എടുക്കാൻ അബ്ദുൽ അസീസ് അൽ ഖരാവി നിർദേശിച്ചു. ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ചൂടിന് അനുയോജ്യമായ വസ്ത്രങ്ങളും തെരഞ്ഞെടുക്കണം. കൂടുതൽ വെള്ളം കുടിക്കാനും, പകൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അദ്ദേഹം ഓർമിപ്പിച്ചു.അതേസമയം, ചൂടുകാലം കണക്കിലെടുത്ത് രാജ്യത്ത് ഏർപ്പെടുത്തിയ പുറം തൊഴിൽ നിയന്ത്രണം ഈ മാസം അവസാനിക്കും. ജൂൺ മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പുറം തൊഴിലുകൾക്ക് നിയന്ത്രണം.
Temperatures to drop in Kuwait from next week