കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം വലയിലായത്. ഹവല്ലി ഗവർണറേറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ ആക്ടിംഗ് ഡയറക്ടറായിരുന്ന ഒരു ജീവനക്കാരനാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ.
ഇയാൾ തന്‍റെ പദവി ദുരുപയോഗം ചെയ്ത് ഇടനിലക്കാരന് ഔദ്യോഗിക രേഖകൾ കൈമാറി. ഈ രേഖകൾ ഉപയോഗിച്ച് ഇടനിലക്കാരൻ ഈജിപ്ഷ്യൻ പൗരന്മാർക്ക് വ്യാജ വർക്ക് പെർമിറ്റുകൾ ഉണ്ടാക്കി. ഇതിന് പകരമായി ഓരോ അപേക്ഷയ്ക്കും 130 മുതൽ 250 കുവൈത്തി ദിനാർ വരെ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.
അന്വേഷണത്തിനൊടുവിൽ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിക്കുകയും, മാൻപവർ അതോറിറ്റിയിലെ ജീവനക്കാരനിൽ നിന്ന് രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി കൈമാറിയതായി അധികൃതർ അറിയിച്ചു.
Expatriate gang arrested in Kuwait for committing massive fraud by accepting bribes and obtaining fake visas