Jun 30, 2023 11:30 PM

മനാമ : ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്താല്‍ പ്രതികള്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുമെന്ന ബഹ്റൈന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കി ഹമദ് രാജാവ് ഉത്തരവിട്ടു.

രാജ്യത്തെ 1976ലെ ശിക്ഷാ നിയമത്തിലെ 353-ാം വകുപ്പാണ് റദ്ദാക്കിയത്. പാര്‍ലമെന്റും ശൂറാ കൗണ്‍സിലും നേരത്തെ നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കാനുള്ള ആവശ്യം അംഗീകരിച്ചിരുന്നു. ഇനി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ നിയമം റദ്ദാക്കിയ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു.

ബഹ്റൈനിലെ ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് എന്‍ഡോവ്‍മെന്റ്സ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണും നിയമം റദ്ദാക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചിരുന്നു.

ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം വിവാഹം സാധുവാകാന്‍ വരന്റെയും വധുവിന്റെയും ഭാഗത്തു നിന്ന് സമ്മര്‍ദങ്ങളൊന്നുമില്ലാതെ പൂര്‍ണ സമ്മതം ആവശ്യമുണ്ടെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്‍ത്രീയെ, പ്രതി വിവാഹം ചെയ്‍താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുമെന്ന വ്യവസ്ഥ ഉണ്ടായാല്‍ അത്തരമൊരു വിവാഹത്തിന് സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് സമ്മതം നല്‍കേണ്ട നിര്‍ബന്ധിതാവസ്ഥ സ്‍ത്രീയ്ക്ക് ഉണ്ടാവും.

അതുകൊണ്ടുതന്നെ അത്തരത്തില്‍ സമ്മര്‍ദങ്ങളിലൂടെ നേടിയ സമ്മതം അനുസരിച്ച് വിവാഹം നടത്തിയാല്‍ ആ വിവാഹം ശരീഅത്ത് നിയമപ്രകാരം അസാധുവായിരിക്കുമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

നിയമത്തിലെ പഴുത് കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമാണെന്ന് സര്‍വീസസ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‍സണ്‍ ജലീല അസ്സയിദ് അഭിപ്രായപ്പെട്ടു.

തട്ടിക്കൊണ്ടലിനും ബലാത്സംഗത്തിനും ഇരയാകുന്ന സ്ത്രീകള്‍ നാണക്കേട് ഭയന്നും കുടുംബത്തിന്റെ അഭിമാനം ഓര്‍ത്തും വിവാഹത്തിന് നിര്‍ബന്ധിതയാകുമെന്നും അത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിയമം റദ്ദാക്കിയതില്‍ സോഷ്യല്‍ മീഡിയയിലും ബഹ്റൈനിലെ ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു. സമാനമായ നിയമങ്ങള്‍ നേരത്തെ ലെബനാന്‍, ജോര്‍ദാന്‍, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളും റദ്ദാക്കിയിരുന്നു.

#bahrain #king #Bahrain #canceled #controversialprovision #accused #marries #woman#raped #notacrime

Next TV

Top Stories










Entertainment News





//Truevisionall