അബൂദബി: (gcc.truevisionnews.com) അനധികൃത ക്വാഡ് ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും ഉപയോഗം പെരുകിയതിനെ തുടര്‍ന്ന് ഇവ തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അല്‍ ഗദീര്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ്. നടപ്പാതകളിലും കളിയിടങ്ങളിലുമടക്കം നിരുത്തരവാദപരമായി കൗമാരക്കാര്‍ ഇവ ഓടിക്കുന്നതിലൂടെയുണ്ടാവുന്ന അപകടസാധ്യതകള്‍ കമ്യൂണിറ്റി മാനേജ്മെന്റ് പുറപ്പെടുവിച്ച നോട്ടീസില്‍ എടുത്തുപറയുന്നു.
ഇത്തരം പ്രവൃത്തികൾ കാല്‍നടയാത്രികര്‍ അടക്കമുള്ളവര്‍ക്കും ഭീഷണിയാണ്. താമസമേഖലകളില്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് കനത്ത പിഴയും വാഹനം പിടിച്ചെടുക്കലും രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അബൂദബി പൊലീസ് ഓർമപ്പെടുത്തിയതിനു പിന്നാലെയാണ് കമ്യൂണിറ്റി മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. അമ്പതിനായിരം ദിര്‍ഹം വരെയാണ് നിയമലംഘനത്തിന് പിഴ.
പ്രായപൂര്‍ത്തിയാവാത്തവര്‍ നിരോധിത മേഖലയില്‍വെച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കുക. അലക്ഷ്യമായ ഉപയോഗം വര്‍ധിച്ചതോടെ ഇതുമൂലം മേഖലയിലുണ്ടായ അപകട വിഡിയോ പങ്കുവെച്ചുകൊണ്ട് ഗദീര്‍ നിവാസികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മരുഭൂമികളിലോ ഓഫ് റോഡിനായുള്ള അംഗീകൃത പ്രദേശങ്ങളിലോ മാത്രമാണ് ക്വാഡ് ബൈക്കുകള്‍ക്ക് അനുവാദമുള്ളത്.
ഓടിക്കുന്നവര്‍ സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. 16 വയസ്സാണ് ഇവ ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം. എന്നാല്‍, ചില ടൂര്‍ ഓപറേറ്റര്‍മാര്‍ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്വാഡ് ബൈക്കുകള്‍ ഓടിക്കാന്‍ അനുവദിക്കാറുണ്ട്. ഹെല്‍മറ്റും റിഫ്ലക്ടര്‍ ഉള്ള വസ്ത്രവും ഇത് ഓടിക്കുന്നവര്‍ ധരിച്ചിരിക്കണം. 15 മുതല്‍ 20 വരെ കിലോമീറ്ററാണ് പരമാവധി വേഗം.
Steps taken to prevent misuse of quad bikes and e scooters


































