മനാമ: (gcc.truevisionnews.com) ബഹ്‌റൈനിലെ കാപ്പിറ്റൽ ഗവർണറേറ്റ് പരിധിയിലുള്ള ഒരു സ്വർണ്ണക്കടയിൽ അതിവിദഗ്ധമായി കവർച്ച നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ച നടത്തിയ ശേഷം മോഷ്ടിച്ച സ്വർണ്ണം വിറ്റ് പണമാക്കി മാറ്റിയ ഇവർ, കടയിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.
സംസാരത്തിനിടെ ശ്രദ്ധ തിരിച്ച് വിട്ട ശേഷം യഥാർഥ സ്വർണ്ണാഭരണങ്ങൾ എടുക്കുകയും, പകരം അതേ രൂപത്തിലുള്ള വ്യാജ സ്വർണ്ണം പ്രദർശനസ്ഥലത്ത് വെച്ച് രക്ഷപ്പെടുകയുമായിരുന്നു പ്രതികൾ. മോഷ്ടിച്ച ആഭരണങ്ങൾ ഇരുവരും ചേർന്ന് മറ്റൊരു സ്വർണ്ണക്കടയിൽ വിറ്റ് പണം സമ്പാദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർ നിയമനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കാപ്പിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
സംഭവത്തിൽ അറബ് പൗരന്മാരായ ഒരു സ്ത്രീയെയും പുരുഷനെയുമാണ് പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Two men arrested in Bahrain for robbery using fake gold


































