മനാമ: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷന് കഴിഞ്ഞ ദിവസം ഔദ്യോഗിക തുടക്കമായതായി നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രാലയത്തിനു കീഴിലെ ഹജ്ജ്-ഉംറ വിഭാഗം അറിയിച്ചു.
രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകൾ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. മേയ് 29 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടാകും. ബഹ്റൈനികളുമായി അടുത്ത കുടുംബബന്ധമുള്ള ഏഴു വിദേശികൾക്ക് ഓരോ ഹജ്ജ് ഗ്രൂപ്പിലും ഉൾപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്.
ഇതേ നിബന്ധന വെച്ച് ജി.സി.സി രാജ്യങ്ങളിലുള്ള പൗരന്മാർക്കും രജിസ്റ്റർ ചെയ്യാം. മിനയിലും അറഫയിലും ടെന്റുകളുടെ അളവ് നിർണയിച്ചിട്ടുണ്ട്. മിനയിൽ ഒരാൾക്ക് ഒരു മീറ്ററിൽ താഴെയും അറഫയിൽ ഒന്നര മീറ്ററുമായിരിക്കും ഉണ്ടാവുക.
അതിനാൽ മിനയിലെ രാപ്പാർക്കൽ ഊഴംവെച്ചായിരിക്കും. സുന്നികളിൽനിന്നും ശിയാക്കളിൽനിന്നുമുള്ള ഹജ്ജ് ഗ്രൂപ്പുകൾ പരസ്പരം സഹകരിച്ചാൽ ടെന്റുകളിൽ രണ്ടു മീറ്ററോളം വിസ്തീർണം ഒരാൾക്കു ലഭിക്കുമെന്നും അറിയിച്ചു.
സൗദിയിലെ വിവിധ സേവനങ്ങൾക്കുള്ള ചാർജ് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 650 ദീനാറായിരുന്നുവെങ്കിൽ ഇപ്രാവശ്യമിത് 550 ദീനാറായി കുറഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Hajj registration has started in Bahrain




























.jpeg)






